ചെന്നൈ : റോഡരികിൽ നിർത്തിയിട്ട കാറിൽ യുവതിയുടെ മൃതദേഹം ഹൈവേ പോലീസ് കണ്ടെത്തി. മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്നതിനിടെ പ്രതികളെന്നു സംശയിക്കുന്നവർ പിടിയിലായി.
തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കൊടൈക്കനാൽ റോഡിലാണ് സംഭവം. ഹൈവേയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
അടുത്തുതന്നെ രണ്ടുപേർ കുഴിയെടുക്കുന്നതും കണ്ടു. ഇരുവരെയും കൈയോടെ പിടികൂടി. ദിവാകർ, ഇന്ദ്രകുമാർ എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്.
തിരുപ്പൂരിൽ സ്വകാര്യമില്ലിൽ ജോലിനോക്കുന്ന പ്രിൻസിയാണ്(27) കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ദിവാകറും പ്രിൻസിയും അടുപ്പത്തിലായിരുന്നു. ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ച ദിവാകർ പ്രിൻസിയെ പ്രലോഭിച്ച് കാറിൽ കയറ്റുകയും കഴുത്തുഞെരിച്ച് കൊല്ലുകയുംചെയ്തു.
ബന്ധുവായ ഇന്ദ്രകുമാറിന്റെ സഹായത്തോടെ മൃതദേഹം റോഡരികിൽ മറവുചെയ്യാനായിരുന്നു പരിപാടി. വഴിയിൽ പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടതോടെയാണ് പദ്ധതി പൊളിഞ്ഞത്.