ചെന്നൈ : അഴിമതി വിരുദ്ധ പ്രവർത്തകനെന്ന് അവകാശപ്പെടുന്ന യു ട്യൂബർ സവുക്കു ശങ്കറിനെതിരേ ചെന്നൈ പോലീസ് ഗുണ്ടാനിയമം ചുമത്തി.
ചെന്നൈയിൽ മാത്രം വിവിധ വകുപ്പുകളനുസരിച്ച് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് പോലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡിന്റെ ഉത്തരവ് പ്രകാരം ഞായറാഴ്ച ഗുണ്ടാനിയമപ്രകാരവും നടപടിയെടുത്തത്.
വനിതാ പോലീസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന സവുക്കു ശങ്കർ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.
ചെന്നൈയിൽനിന്നുള്ള പോലീസ് ഇൻസ്പെക്ടർ ജയിലിലെത്തിയാണ് ഗുണ്ടാ നിയമപ്രകാരമുള്ള തടങ്കൽ രേഖപ്പെടുത്തിയത്.
സവുക്കു ശങ്കറിനെതിരേ ചെന്നൈ പോലീസെടുത്ത ഏഴു കേസുകളിൽ മൂന്നെണ്ണത്തിന്റെ അന്വേഷണം നടക്കുകയാണെന്നും രണ്ടെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചെന്നും രണ്ടെണ്ണം വിചാരണ കാത്ത് കഴിയുകയാണെന്നും ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നു.
വനിതാ പോലീസുകാർക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ മുതിർന്ന പോലീസുദ്യോഗസ്ഥന് വഴങ്ങിക്കൊടുക്കണമെന്ന് യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന്റെ പേരിലാണ് കോയമ്പത്തൂർ പോലീസിന്റെ സൈബർ ക്രൈം വിഭാഗം സവുക്കു ശങ്കറിനെ തേനിയിലെ ലോഡ്ജിൽവെച്ച് അറസ്റ്റുചെയ്തത്.
ഇതേ പരാതിയിൽ കോയമ്പത്തൂരിനു പുറമേ സേലം, തിരുച്ചിറപ്പള്ളി, ചെന്നൈ എന്നിവിടങ്ങിലും ശങ്കറിനെതിരേ കേസെടുത്തിട്ടുണ്ട്. കാറിൽ കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് മയക്കുമരുന്നു നിയമപ്രകാരം തേനി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കിലാമ്പാക്കം ബസ് ടെർമിനസിനെപ്പറ്റി വ്യാജരേഖയുടെ അടിസ്ഥാനത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന പരാതിയിൽ ചെന്നൈ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.
സവുക്കു ശങ്കറുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത റെഡ്പിക്സ് യുട്യൂബ് ചാനലിന്റെ ഉടമയായ ഫെലിക്സ് ജെറാൾഡിനെ ഉത്തർപ്രദേശിലെ നോയ്ഡയിൽ വെച്ച് തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
അഴിമതിക്കെതിരേ പടനയിച്ച് സവുക്കു എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന ശങ്കറിനെ നീതിന്യായ വ്യവസ്ഥത്തെക്കെതിരേ കടുത്ത വിമർശനമുയർത്തിയതിനെത്തുടർന്ന് നേരത്തേ കോടതിയലക്ഷ്യക്കേസിൽ ശിക്ഷിച്ചിരുന്നു.
ഹൈക്കോടതി വിധിക്കെതിരേ സവുക്കു ശങ്കർ നൽകിയ പ്രത്യേകാനുമതി ഹർജി അനുവദിച്ച സുപ്രീംകോടതി ശിക്ഷ സസ്പെൻഡ് ചെയ്തതിനു ശേഷമാണ് അദ്ദേഹം ജയിലിൽനിന്ന് പുറത്തിറങ്ങിയത്.