ചെന്നൈ : പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റുചെയ്തു.
പെൺകുട്ടികളിൽ ഒരാൾ ഗർഭിണിയായതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
ഉദുമൽപ്പേട്ടയിൽ മുത്തശ്ശിയോടൊപ്പം താമസിക്കുന്ന 17 വയസ്സുകാരിയും സുഹൃത്തായ 13 വയസ്സുകാരിയുമാണ് പീഡനത്തിന് ഇരയായത്.
പ്രതികളിൽ ഉൾപ്പെട്ട, റേഷൻകടയിൽ ജോലി ചെയ്യുന്ന 14 വയസ്സുകാരൻ മുതിർന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു യുവാക്കളിലേയ്ക്ക് കൈമാറുകയുമായിരുന്നു.
13 വയസ്സുള്ള പെൺകുട്ടിയെ പ്രതികൾക്ക് പരിചയപ്പെടുത്തിയത് മുതിർന്ന പെൺകുട്ടിയാണ്.
താൻ ഗർഭിണിയാണെന്ന് മനസ്സിലാക്കിയതോടെ മുതിർന്ന പെൺകുട്ടി മുത്തശ്ശിയെ വിവരം അറിയിക്കുകയായിരുന്നു.
പോക്സോ നിയമപ്രകാരം കേസെടുത്ത് എല്ലാവരെയും അറസ്റ്റ്ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു.