ചെന്നൈ : ദക്ഷിണേന്ത്യയിൽ കടുത്ത വരൾച്ച തുടരുന്നതിനിടെ ചെന്നൈയിലും സമീപ ജില്ലകളിലും പച്ചക്കറി വില വീണ്ടും കൂടി.
കോയമ്പേടിലെ മൊത്ത വ്യാപാര ചന്തയിൽ 120 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്ന ഒരു കിലോ ബീൻസിന്റെ വില 200 മുതൽ 230 വരെ രൂപയായി ഉയർന്നു.
കിലോയ്ക്ക് 50 രൂപയ്ക്ക് വില്പന നടത്തിയിരുന്ന ക്യാരറ്റിന്റെ വില 70 രൂപയായി ഉയർന്നു. 70 രൂപയയ്ക്ക് വില്പന നടത്തിയിരുന്ന ഒരു കിലോ പച്ചമുളകിന്റെ വില 250 രൂപയായും ചെറുനാരങ്ങയുടെ കിലോയ്ക്ക് 70 രൂപയിൽനിന്ന് 160 രൂപയായും വർധിച്ചു.
വെണ്ടയ്ക്ക, അവരയ്ക്കായ്, ബീറ്റ് റൂട്ട്, കോവയ്ക്ക, പാവയ്ക്ക എന്നിവയുടെ വിലയുടെ കിലോയ്ക്ക് 10 മുതൽ 25 വരെ രൂപ ഉയർന്നു.
കോയമ്പേട് മൊത്ത വ്യാപാര ചന്തയിലേക്ക് ദിവസവും 600 മുതൽ 700 ലോഡ് പച്ചക്കറികളാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയിരുന്നത്.
വരൾച്ചയുടെ കാഠിന്യം കൂടിയതോടെ 300 ലോഡ് പച്ചക്കറി മാത്രമാണ് ചന്തയിലെത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം.
മൊത്തവ്യാപാര ചന്തയിലെ വില അപേക്ഷിച്ച് 30 മുതൽ 40 രൂപ കൂടുതലാണ് ചില്ലറ വിപണിയിൽ ഈടാക്കുന്നത്.