ചെന്നൈ : ഗൂഗിൾ മാപ്പിട്ട് തെറ്റായ വഴിയിൽ ഓടിച്ച കാർ ഇടിച്ച് വീടിനുമുന്നിൽ ഉറങ്ങുകയായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു.
സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അശോക് നഗറിനുസമീപം ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
മാരിയപ്പൻ എന്നയാളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളിൽ ചിലർ വീടിനുള്ളിൽ ഇടമില്ലാത്തതിനാൽ പുറത്ത് പായ വിരിച്ച് ഉറങ്ങുകയായിരുന്നു.
പുലർച്ചെയായപ്പോൾ അതിവേഗത്തിൽ വന്ന കാർ ഇവരുടെ ഇടയിലേക്കു ഇടിച്ചുകയറി. നാലു സ്ത്രീകളുൾപ്പെടെ ഏഴു പേരും നിലവിളിച്ചു.
ഉടൻ തന്നെ അവരെ ആംബുലൻസിൽ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഏഴു പേരുടെയും കാലുകളിൽ ക്ഷതമേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഗിണ്ടി ട്രാഫിക് പോലീസ് വൈശാലിയെ അറസ്റ്റ് ചെയ്തു.
ചെന്നൈയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു വൈശാലിയെന്നും ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് തെറ്റായ റൂട്ടിലൂടെ യാത്ര ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നും പോലിസ് അറിയിച്ചു.
അശ്രദ്ധമായി വാഹനമോടിക്കൽ, അതിവേഗം ഉൾപ്പെടെ മൂന്നു വകുപ്പുകളിലാണ് വൈശാലിക്കെതിരേ കേസെടുത്തിരിക്കുന്നത്.