ചെന്നൈ : നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലെ അംഗങ്ങളുടെ എണ്ണം 80 ലക്ഷം കടന്നുവെന്ന് ഭാരവാഹികൾ. ഓൺലൈൻ മുഖേനയുള്ള അംഗത്വത്തിന്റെ കണക്കാണിത്.
പാർട്ടിയുടെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിക്കുന്നതിനുമുൻപ് രണ്ടുകോടി അംഗങ്ങളെ ചേർക്കാനാണ് ലക്ഷ്യമിടുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെയാണ് പാർട്ടിയായിമാറ്റുന്നത്. ഇതിനൊപ്പം പൊതുജനങ്ങളെയും പാർട്ടിയിൽ ചേർക്കാൻ നടപടിയെടുക്കുകയായിരുന്നു.
മൊബൈൽ ആപ്പ് മുഖേന പേര് രജിസ്റ്റർചെയ്ത് വിജയ്യായിരുന്നു അംഗത്വപ്രചാരണത്തിന് തുടക്കമിട്ടത്. ആദ്യ ആഴ്ചയിൽതന്നെ പാർട്ടിയിൽ 50 ലക്ഷത്തോളംപേർ ചേർന്നിരുന്നുവെന്നാണ് ഭാരവാഹികൾ പറഞ്ഞത്. ഇപ്പോഴിത് 80 ലക്ഷം പിന്നിട്ടിരിക്കുകയാണ്.
വിജയ്യുടെ 50-ാം പിറന്നാൾ ദിനമായ ജൂൺ 22-ന് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.