ലഖ്നൗ: ഭർത്താവ് ‘കുർക്കുറേ’ വാങ്ങിനല്കാത്തതിനെ ചൊല്ലി തർക്കത്തെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി.
ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുർക്കുറേ’യുടെ പേരില് വിവാഹമോചനത്തിനായി പോലീസിനെ സമീപിച്ചത്.
ഭർത്താവ് ഒരുദിവസം ‘കുർക്കുറേ’ വാങ്ങികൊണ്ടുവരാതിരുന്നതാണ് പ്രശ്നങ്ങള്ക്ക് കാരണമായതെന്നും ഇതേച്ചൊല്ലി ദമ്പതിമാർക്കിടയില് വഴക്കുണ്ടായെന്നും വിവിധ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.
ഒരുവർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം.
ആദ്യനാളുകളില് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
വിവാഹം കഴിഞ്ഞത് മുതല് എല്ലാദിവസവും പ്രശസ്ത സ്നാക്ക്സ് ആയ ‘കുർക്കുറേ’ വേണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു.
ദിവസവും അഞ്ച് രൂപയുടെ ‘കുർക്കുറേ’ പാക്കറ്റ് കൊണ്ടുവരണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
എന്നാല്, ഭാര്യ ദിവസവും ഇത്തരത്തിലുള്ള സ്നാക്ക്സ് കഴിക്കുന്നതില് ഭർത്താവിനും ആധിയുണ്ടായിരുന്നു.
ഒരുദിവസം ഭർത്താവ് ‘കുർക്കുറേ’ വാങ്ങാതെ വീട്ടിലെത്തി.
ഇതോടെ ദമ്പതിമാർ തമ്മില് വഴക്കായി.
പിന്നാലെ യുവതി ഭർത്താവിന്റെ വീട്ടില്നിന്നും സ്വന്തം വീട്ടിലേക്ക് പോയെന്നും തുടർന്ന് പോലീസിനെ സമീപിച്ചെന്നുമാണ് റിപ്പോർട്ടുകളില് പറയുന്നത്.
അതേസമയം, ഭർത്താവ് മർദിച്ചതിനെ തുടർന്നാണ് താൻ വീട് വിട്ടിറങ്ങിയതെന്ന് യുവതിയും ആരോപിച്ചിട്ടുണ്ട്.
ഭർത്താവില് നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് യുവതിയെത്തിയത്.
സംഭവങ്ങളെല്ലാം അറിഞ്ഞതോടെ പോലീസ് ദമ്പതിമാരെ കൗണ്സിലിങ്ങിന് അയച്ചതായാണ് റിപ്പോർട്ടുകളില് പറയുന്നു.