ചെന്നൈ : മൃതദേഹം കണ്ടെത്തിയിട്ട് 10 ദിവസം പിന്നിട്ടെങ്കിലും തിരുനെൽവേലി ഈസ്റ്റ് ഡി.സി.സി. പ്രസിഡന്റ് കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ തമിഴ്നാട് പോലീസിന് കഴിഞ്ഞില്ല.
മേയ് രണ്ടിനാണ് ജയകുമാറിനെ കാണാതായത്. ഇതേത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മേയ് നാലിന് വീടിനടുത്തുള്ള കൃഷിയിടത്തിൽ ജയകുമാറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
കാലുകൾ ചേർത്തു കെട്ടിയ നിലയിലും വായിൽ മെറ്റൽ സ്ക്രബ്ബർ തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ, ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു.
ജയകുമാറിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം ജയകുമാറിന്റേതുതന്നെയാണെന്ന് സ്ഥിരീകരിക്കാൻ കുടുംബാംഗങ്ങൾക്കു കഴിഞ്ഞിട്ടുമില്ല.
ജയകുമാർ എഴുതിയ കത്തിൽ രാഷ്ട്രീയ നേതാക്കളും ബിസിനസുകാരുമായ 32 പേരെപ്പറ്റി പറഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്തേക്കുമെന്ന സൂചനയും കത്തിലുണ്ട്.
എന്നാൽ, ആത്മഹത്യ ചെയ്യാൻ ഇത്രയും സങ്കീർണമായ മാർഗം അവലംബിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കത്തിന്റെയും ഇടക്കാല പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സംശയാസ്പദമായ മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ജയകുമാറിന്റെ കത്തിൽ പേരു പറഞ്ഞിട്ടുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കോൺഗ്രസ് നേതാക്കളായ റൂബി മനോഹരൻ, കെ.വി തങ്കബാലു തുടങ്ങിയവർ ചോദ്യം ചെയ്യപ്പെട്ടവരിൽപ്പെടുന്നു. അദ്ദേഹത്തിന്റെ പണമിടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.