ചെന്നൈ : ഒമ്പത്, പത്ത് ക്ലാസുകൾക്ക് പിന്നാലെ എട്ടാം ക്ലാസിലും കരുണാനിധിയെക്കുറിച്ചുള്ള പാഠം. സാമൂഹിക പാഠപുസ്തകത്തിലാണ് കരുണാനിധിയെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകൾക്ക് കുടുംബ സ്വത്തിൽ അവകാശം നൽകുന്നതിന് വേണ്ടി കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമം കൊണ്ടുവന്നതിനെ കുറിച്ചാണ് പാഠത്തിൽ വിശദീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് കരുണാനിധിയെക്കുറിച്ചുള്ള പാഠങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നടപടി ആരംഭിച്ചത്.
ആദ്യം ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലും പിന്നീട് പത്താം ക്ലാസിലും കരുണാനിധിയെക്കുറിച്ച് പഠിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
തമിഴ് ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെടാൻ കരുണാനിധി സ്വീകരിച്ച നടപടികളായിരുന്നു ഒമ്പതാംക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്.
പത്താം ക്ലാസിൽ തമിഴ് സാഹിത്യത്തിനും സംസ്കാരത്തിനും കരുണാനിധി നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന പാഠം ഉൾപ്പെടുത്താനും തീരുമാനിച്ചു.
ഇപ്പോൾ എട്ടാം ക്ലാസ് പാഠപുസ്തകത്തിലും കരുണാനിധിയെ ക്കുറിച്ച് പഠിപ്പിക്കാൻ നടപടിയെടുക്കുകയായിരുന്നു.