ചെന്നൈ : കേരളത്തിൽ നിന്ന് മൂന്നുമാസംമുമ്പ് കാണാതായ കാർ ജി.പി.എസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽനിന്ന് ഉടമതന്നെ കണ്ടെത്തി.
മോഷ്ടിച്ച കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന ആറംഗസംഘം അറസ്റ്റിലാവുകയുംചെയ്തു.
തൃശ്ശൂർ തലപ്പിള്ളി സ്വദേശി യു. അസ്കർ ഈവർഷം ജനുവരിയിൽ വാങ്ങിയ കാറാണ് മാർച്ച് രണ്ടിന് കാണാതായത്.
പോലീസിൽ പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ല. കാറിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നെങ്കിലും അതു പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.
മാസങ്ങൾക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ച ആകസ്മികമായി ജി.പി.എസ്. വീണ്ടും പ്രവർത്തിച്ചുതുടങ്ങുകയും സിഗ്നൽ ലഭിക്കുകയുംചെയ്തു.
അതനുസരിച്ച് കാർ ആന്ധ്രാപ്രദേശിലാണുള്ളതെന്ന് മനസ്സിലായി. അസ്കർ സുഹൃത്തുമൊത്ത് തൃശ്ശൂരിൽനിന്ന് കാറിൽ പുറപ്പെട്ടു. അപ്പോഴേക്കും കാർ തമിഴ്നാട്ടിലേക്ക് കടന്ന് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയിലെത്തിയിരുന്നു.
പെരമ്പല്ലൂർ ജില്ലയിലെ വല്ലാപുരത്തെത്തിയപ്പോൾ അക്സർ ഹൈവേപോലീസിനെ വിവരമറിയിച്ചു. ശനിയാഴ്ച സ്പെഷ്യൽ സബ് ഇൻസ്പെക്ടർ എ. രാമരാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വല്ലാപുരത്ത് വാഹനപരിശോധന തുടങ്ങി.
സ്വന്തം വണ്ടി അക്സർ തിരിച്ചറിഞ്ഞപ്പോൾ പോലീസ് സംഘം വാഹനം തടഞ്ഞു. ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇതിലൊരാൾ ഓടിരക്ഷപ്പെട്ടു.
കാറിൽനിന്ന് 130 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. അതിന് 13 ലക്ഷം രൂപ വിലവരും.
തൃശ്ശൂരിൽനിന്ന് മോഷ്ടിച്ച് തമിഴ്നാട്ടിലെ കമ്പത്തെത്തിച്ച കാർ കഞ്ചാവുകടത്തുകാർക്ക് രണ്ടുലക്ഷം രൂപയ്ക്ക് വാടകയ്ക്കുകൊടുക്കുകയായിരുന്നെന്ന് പെരമ്പല്ലൂർ പോലീസ് പറഞ്ഞു.
ആന്ധ്രയിൽനിന്ന് തമിഴ്നാട്ടിലേക്ക് കഞ്ചാവുകടത്താനാണ് ഇതുപയോഗിച്ചിരുന്നത്. തേനി ജില്ലയിലെ കമ്പം സ്വദേശികളായ എം. ബാല (28), ഡി. മദൻ (29), ഡി. അജിത് (27), ജി. മനോജ് (26), ജെ. പ്രഭു (27) എന്നിവരാണ് അറസ്റ്റിലായത്.
പല കേസുകളിൽ പ്രതികളായ ഇവർ മയക്കുമരുന്നുകടത്തുകാർക്കുവേണ്ടി ജോലിചെയ്യുന്നവരാണെന്ന് കരുതുന്നത്. സൂത്രധാരന്മാർക്കായി തിരച്ചിൽ തുടരുകയാണ്.