ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഒരുമാസത്തിനുള്ളിൽ ഉപമുഖ്യമന്ത്രിയാകും.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഉദയനിധിക്ക് പുതിയ പദവി നൽകാനാണ് തീരുമാനം.
ഡി.എം.കെ.യിൽ സ്റ്റാലിന്റെ പിൻഗാമി ഉദയനിധിയാണെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉപമുഖ്യമന്ത്രിസ്ഥാനം നൽകുന്നത്.
കരുണാനിധി മുഖ്യമന്ത്രിയായിരുന്ന 2006-2011 കാലത്ത് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.
ലോക്സഭാതിരഞ്ഞെടുപ്പിൽ ഇന്ത്യസഖ്യം തമിഴ്നാട്ടിൽ വൻവിജയം നേടുമെന്നാണ് ഡി.എം.കെ. നടത്തിയ ആഭ്യന്തരസർവേയിലെ കണ്ടെത്തൽ.
സംസ്ഥാനത്തുടനീളം ഉദയനിധി നടത്തിയ പ്രചാരണം സഖ്യത്തിന് തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിക്കൊടുത്തുവെന്നും പാർട്ടി വിലയിരുത്തുന്നു.
ഇതിനുള്ള പ്രതിഫലമെന്നവിധത്തിലാകും ഉപമുഖ്യമന്ത്രിസ്ഥാനം ഉദയനിധിക്ക് നൽകുക.
കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തിൽ സജീവമായത്.
അന്ന് 39 സീറ്റുകളിൽ 38 എണ്ണം ഡി.എം.കെ. സഖ്യം നേടിയതോടെ ഉദയനിധിയെ പാർട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ആദ്യം പാർട്ടി യുവജനവിഭാഗം സെക്രട്ടറിയാക്കി. അതിനുശേഷം നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റുനൽകി.
കരുണാനിധിയുടെ പഴയമണ്ഡലത്തിൽനിന്ന് വിജയിച്ച ഉദയനിധിക്ക് പിന്നീട് കായികമന്ത്രിസ്ഥാനം നൽകി. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്നാവശ്യം മുതിർന്നനേതാക്കൾ ഇതിനകം ഉന്നയിച്ചിട്ടുണ്ട്.
നടൻ വിജയ് പുതിയ പാർട്ടി ആരംഭിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നതും ഉദയനിധിയുടെ സ്ഥാനാരോഹണം വേഗത്തിലാക്കാനുള്ള കാരണമാണ്.
യുവവോട്ടർമാരിൽ വിജയ് സ്വാധീനംചെലുത്താൻ സാധ്യതയുള്ളതിൽ ഇതിനെ ചെറുക്കാൻ ഉദയനിധിക്ക് പ്രധാനസ്ഥാനം നൽകാനാണ് ഡി.എം.കെ. തീരുമാനം.