ചെന്നൈ : ഓണാവധിക്ക് നാലുമാസത്തോളം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവിൽനിന്നും ചെന്നൈയിൽനിന്നും കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കിട്ടാനില്ല.
സെപ്റ്റംബർ 15-നാണ് തിരുവോണം. അതിനാൽ 12, 13 തീയതികളിലാണ് മലയാളികൾ കൂടുതലും നാട്ടിലേക്കുപോകുന്നത്.
ഇതിൽ 13 വെള്ളിയാഴ്ചയായതിനാൽ ഈ ദിവസത്തെ തീവണ്ടികളിലാണ് മുഴുവൻ ടിക്കറ്റുകളും തീർന്നത്. 12-ന് ചില തീവണ്ടികളിൽ ഏതാനും ടിക്കറ്റുകൾ ബാക്കിയുണ്ട്.
ബുക്കിങ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ടിക്കറ്റുകൾ തീർന്നതിനാൽ മലയാളികളുടെ ഓണയാത്ര ഇത്തവണയും ദുരിതമാകുമെന്നാണ് സൂചന.
തീവണ്ടി ടിക്കറ്റ് കിട്ടാത്തവർ കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്.
യാത്രയ്ക്ക് ഒരുമാസംമുമ്പാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത്. ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാബുദ്ധിമുട്ട് പരിഹരിക്കാൻ റെയിൽവേ പ്രത്യേക സർവീസ് നടത്തുമെന്നാണ് പ്രതീക്ഷ.
ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിലും ടിക്കറ്റിന് വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ഉത്രാടദിവസമായ സെപ്റ്റംബർ 14-ന് നാട്ടിലെത്തുന്ന പ്രധാന തീവണ്ടികളിൽ ബെർത്ത് ഉറപ്പുള്ള ടിക്കറ്റുകൾ, റിസർവേഷൻ ആരംഭിച്ച് മൂന്നുദിവസത്തിനുള്ളിൽത്തന്നെ തീർന്നിരുന്നു. ഓണത്തോടനുബന്ധിച്ച് മറ്റ് ദിവസങ്ങളിലും കുറച്ചു ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
സെപ്റ്റംബർ 13-ന് ചെന്നൈ-മംഗളൂരു എക്സ്പ്രസിൽ(12685) മാത്രമാണ് ബെർത്ത് ടിക്കറ്റുകൾ ബാക്കിയുള്ളത്.
ഈ വണ്ടിയിൽ ഞായറാഴ്ച വൈകീട്ടുവരെയുള്ള റിസർവേഷൻനില പ്രകാരം സ്ലീപ്പർക്ലാസിൽ 153 ടിക്കറ്റുകൾ ബാക്കിയുണ്ട്.
തേഡ് എ.സി. ഇക്കോണമി ക്ലാസിൽ 35 ബെർത്തുകളും തേഡ് എ.സി.യിൽ 128 ബെർത്തുകളും ലഭ്യമാണ്. ഇതേ തീവണ്ടിയിൽ അടുത്തദിവസങ്ങളിലും ടിക്കറ്റ് ലഭ്യമാണ്.
അതേസമയം ചെന്നൈ-മംഗളൂരു മെയിൽ (12601), ചെന്നൈ-തിരുവനന്തപുരം മെയിൽ (12623), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (12695), ചെന്നൈ-ആലപ്പി എക്സ്പ്രസ് (22639) തീവണ്ടികളിൽ ബെർത്ത് ടിക്കറ്റുകൾ തീർന്നു.
സെപ്റ്റംബർ 13-ന് പുറപ്പെടുന്ന മംഗളൂരു മെയിലിലെ തേഡ് എ.സി. ക്ലാസിലെ റിസർവേഷൻനില വെയിറ്റിങ് ലിസ്റ്റ് രണ്ടാണ്.
സ്ലീപ്പർക്ലാസിൽ റിസർവേഷൻനില വെയിറ്റിങ് ലിസ്റ്റ് 44 ആണ്.
തിരുവനന്തപുരം മെയിലിൽ തേഡ് എ.സി.യിൽ വെയിറ്റിങ് ലിസ്റ്റ് 33, സ്ലീപ്പറിൽ വെയിറ്റിങ് ലിസ്റ്റ് 76, തിരുവനന്തപുരം എക്സ്പ്രസിൽ തേഡ് എ.സി.യിൽ വെയിറ്റിങ് ലിസ്റ്റ് 11, സ്ലീപ്പറിൽ ആർ.എ.സി. 127, ആലപ്പി എക്സ്പ്രസിൽ തേഡ് എ.സി.യിൽ വെയിറ്റിങ് ലിസ്റ്റ് 95, സ്ലീപ്പറിൽ വെയിറ്റിങ് ലിസ്റ്റ് 29 എന്നിങ്ങനെയാണ് റിസർവേഷൻനില.