ചെന്നൈ : ജനിക്കാൻ പോകുന്ന കുട്ടിയുടെ ലിംഗം വെളിപ്പെടുത്തിയ യുട്യൂബർക്കെതിരേ നടപടിയുമായി തമിഴ്നാട് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ഏറെ ആരാധകരുള്ള ഇർഫാനാണ് തനിക്ക് മകൾ ജനിക്കാൻ പോകുന്നെന്ന് വെളിപ്പെടുത്തിയത്.
ഇതിനായി പ്രത്യേക പാർട്ടി നടത്തുകയും ഇതിന്റെ വീഡിയോ യുട്യൂബിൽ ഇടുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ ഇത് പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
ഇന്ത്യയിൽ ഗർഭസ്ഥശിശുക്കളുടെ ലിംഗനിർണയം നിരോധിച്ചതാണെന്നും വിദേശരാജ്യങ്ങളിൽ ഇങ്ങനെ ഒരു നിയന്ത്രണമില്ലെന്നും പറഞ്ഞാണ് ഇർഫാൻ വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തത്.
ഇർഫാനും ഭാര്യയും ദുബായിൽ സന്ദർശനം നടത്തിയപ്പോൾ അവിടെയാണ് ലിംഗനിർണയം നടത്തിയത്. പാർട്ടി നടത്തിയത് ദുബായിലാണോയെന്ന് വ്യക്തമല്ല.
വിശദീകരണം തേടിയതിനുപുറമേ ഇർഫാന്റെപേരിൽ കേസെടുക്കണമെന്ന് ആരോഗ്യവകുപ്പ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.