ചെന്നൈ : വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ അഞ്ചുവയസ്സുള്ള മകളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു.
മധുര ജില്ലയിലെ മേലൂരിനടുത്ത ഉലകനാഥപുരത്തെ സമയമുത്തു-മലർ സെൽവി ദമ്പതിമാരുടെ മകൾ കാർത്തികയാണ് മരിച്ചത്. സംഭവത്തിൽ മലർ സെൽവിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് കാർത്തികയെ കാണാതായത്. ഇക്കാര്യം മലർ സെൽവി തന്നെയാണ് പോലീസിൽ അറിയിച്ചത്.
വീട്ടിനു സമീപത്തെ കിണറ്റിൽനിന്ന് പിന്നീട് പോലീസ് കാർത്തികയുടെ മൃതദേഹം കണ്ടെടുത്തു. മലർ സെൽവിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി അവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മകളെ കൊന്നത് താനാണെന്ന് അവർ സമ്മതിച്ചത്.
അതേ പ്രദേശത്തെ ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഇളയ മകൾ കാർത്തിക അറിഞ്ഞെന്നും ഇതേത്തുടർന്നാണ് കൊലപാതകം നടത്തിയതെന്നും മലർ സെൽവി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കിണറ്റിൽനിന്ന് പുറത്തെടുത്ത കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മേലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.