ചെന്നൈ : ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ ഹിസ്ബത് തഹ്റീർ എന്ന സംഘടനയിലെ ആറുപേർ അറസ്റ്റിലായതിനു പിന്നാലെ പോലീസന്വേഷണം ഊർജിതമാക്കി.
ആറുപേരാണ് ചെന്നൈയിൽ വ്യത്യസ്തയിടങ്ങളിൽ കഴിഞ്ഞദിവസം പിടിയിലായത്. സംഘടനയുമായി ബന്ധപ്പെട്ട് ഒട്ടേറെ പേർ ചെന്നൈയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതൽപ്പേർ അറസ്റ്റിലാകുമെന്നും സൈബർ ക്രൈം വിഭാഗം അറിയിച്ചു.
ചെന്നൈ സ്വദേശി മൻസൂർ, മക്കളായ അമീർ ഹുെസെൻ, അബ്ദുൾ റഹ്മാൻ എന്നിവരുടെ അറസ്റ്റോടെയാണ് അന്താരാഷ്ട്ര ഇസ്ലാമിക് സംഘടനയായ ഹിസ്ബത് തഹ്റീറിന്റെ തമിഴ്നാട്ടിലെ ശക്തമായ സാന്നിധ്യത്തെക്കുറിച്ച് പോലീസിന് കൂടുതൽ വിവരം ലഭിച്ചത്.
അറസ്റ്റിലായ മൻസൂറും മക്കളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താംബരത്തിനു സമീപത്തുനിന്ന് മുഹമ്മദ് മൗറീസ്, ഖാദർ നവാസ് ഷെരീഫ്, അഹമ്മദ് അലി എന്നിവരെ പിടികൂടിയത്.
ശരീഅത്ത് നിയമങ്ങൾ ഉയർത്തിക്കാട്ടി ആഗോള ഖിലാഫത്ത് എന്ന ലക്ഷ്യത്തോടെ 70 വർഷംമുമ്പ് ആരംഭിച്ച ഹിസ്ബത് തഹ്റീർ എന്ന സംഘടനയെ പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.
അറസ്റ്റിലായ അമീർ ഹുസൈൻ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് പ്രചരിപ്പിച്ച യുട്യൂബ് വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് സംഘടനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തെത്തിച്ചത്.
അമീർ ഹുസൈന്റെ പിതാവ് മൻസൂർ ചെന്നൈയിലെ റോയപ്പേട്ടയിൽ എല്ലാ ആഴ്ചയിലും രഹസ്യയോഗം വിളിച്ചുചേർത്ത് സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ച് കൂടുതൽ പേരെ ഇതിലേക്ക് ആകൃഷ്ടരാക്കിയെന്നും പോലീസ് കണ്ടെത്തി.