ചെന്നൈ : തായ്ലാൻഡിൽ കണ്ടെടുത്ത പൗരാണിക ശ്രീകൃഷ്ണ വിഗ്രഹം തമിഴ്നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചു.
തമിഴ്നാട്ടിലെ ക്ഷേത്രത്തിൽനിന്ന് കാണാതായതെന്നു കരുതുന്ന കാളിയമർദനമാടുന്ന ശ്രീകൃഷ്ണവിഗ്രഹം ബാങ്കോക്കിൽനിന്നാണ് കണ്ടെടുത്തത്.
ചോളഭരണകാലത്ത് നിർമിച്ച വെങ്കലത്തിൽ തീർത്ത വിഗ്രഹത്തിന് നിലവിൽ 30 കോടിയോളം രൂപ മൂല്യം വരും.
വിഗ്രഹക്കടത്തു കേസുകൾ അന്വേഷിക്കുന്ന തമിഴ്നാട് പോലീസിന്റെ പ്രത്യേകസംഘമാണ് ഇതു തിരികെയെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.
ഇതിന്റെ ഭാഗമായി ഐഡൽ വിങ് ഡി.ജി.പി ശൈലേഷ് കുമാർ യാദവ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം, കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതർ എന്നിവരുമായി ചർച്ച നടത്തി.
ബാങ്കോക്കിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം എത്രയുംവേഗം ഇന്ത്യയിലെത്തിക്കുമെന്ന് ശൈലേഷ് കുമാർ യാദവ് പറഞ്ഞു.
മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ, സ്വകാര്യ ശില്പ സംരംഭകർ തുടങ്ങിയവരുടെ വെബ്സൈറ്റുകൾ പരിേശാധിച്ചപ്പോഴാണ് 2008 നവംബറിൽ ലൂയിസ് നിക്കോൾസൺ എഴുതിയ ‘ഗോൾഡ് ഓഫ് ദി ഗോഡ്സ്’ എന്ന ലേഖനത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രം പോലീസ് കണ്ടെത്തിയത്.
പുരാവസ്തു ഡീലർ ഡഗ്ലസ് ലാച്ച്ഫോർഡിന്റെ ലേഖനത്തിലും ശില്പത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. അന്വേഷണത്തിൽ അന്താരാഷ്ട്ര വിഗ്രഹ കള്ളക്കടത്തുകാരൻ സുബാഷ് ചന്ദ്ര കപൂറിൽനിന്ന് 2005 ൽ 5.39 കോടി രൂപയ്ക്ക് ലാച്ച്ഫോർഡ് വിഗ്രഹം വാങ്ങിയതായി കണ്ടെത്തി.
ലാച്ച്ഫോർഡിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൾ വിഗ്രഹ ശേഖരങ്ങൾ കംബോഡിയയ്ക്കും കൃഷ്ണവിഗ്രഹം തായ്ലാൻഡിനും കൈമാറി.
സുഭാഷ്ചന്ദ്ര കപൂർ 2005-ന് മുമ്പ് തമിഴ്നാട്ടിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽനിന്ന് ഈ വിഗ്രഹം മോഷ്ടിച്ചതാകുമെന്നാണ് അനുമാനം.
ഏതു ക്ഷേത്രത്തിൽനിന്നാണ് വിഗ്രഹം മോഷണം പോയതെന്ന് കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ടെന്ന് ശൈലേഷ് കുമാർ യാദവ് അറിയിച്ചു.