ചെന്നൈ : അവയവ വിൽപ്പനയ്ക്കായി വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയ കേസിൽ അന്വേഷണത്തിനായി കേരള പോലീസിന്റെ പ്രത്യേകസംഘം തമിഴ്നാട്ടിലെത്തി.
മനുഷ്യക്കടത്തുസംഘത്തിന്റെ ഏജന്റായ തൃശ്ശൂർ സ്വദേശി സബിത്ത് നാസറുമായി ബന്ധമുള്ളവർ തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെത്തുടർന്നാണിത്.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂർ, പൊള്ളാച്ചി പ്രദേശങ്ങളിലാണ് തെളിവെടുപ്പു നടത്തുന്നത്.
കഴിഞ്ഞയാഴ്ച അറസ്റ്റിലായ സബിത്ത് നാസർ, തന്റെ തമിഴ്നാട് ബന്ധം പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവിടെയെത്തിയത്.
അവയവക്കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഏതാനുംപേരെ തമിഴ്നാട് പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരെ കേരള പോലീസ് ചോദ്യംചെയ്യും. തമിഴ്നാട്ടിൽനിന്നുള്ളവർ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കും.
സാധാരണക്കാരെ സമീപിച്ച് ചെറിയതുക വാഗ്ദാനംചെയ്ത് കുവൈത്തിലും ഇറാനിലും കൊണ്ടുപോയാണ് സബിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അവയവമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നത്.
ഈ കേസിൽ ദേശീയ അന്വേഷണ ഏജൻസിയും കേന്ദ്ര ഇന്റലിജൻസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അവയവക്കടത്ത് സംഘങ്ങളുമായി സബിത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.