ചെന്നൈ : നഗരത്തിലെ ഭൂഗർഭജല ലഭ്യത കുറയുന്നത് തടയാൻ പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ.
കെട്ടിടനിർമാണത്തിനായി ഭൂഗർഭജലം ഉപയോഗിക്കുന്നത് നിരോധിക്കാനും ഇതിനുപകരം ചെന്നൈ മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്(മെട്രോ വാട്ടർ) മുഖേന വെള്ളം നൽകാനുമാണ് തീരുമാനം.
ഉടൻ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിർമാണസ്ഥലങ്ങളിൽ കുഴൽക്കിണറുകൾ കുഴിച്ചാണ് ഭൂഗർഭജലം ഊറ്റിയെടുക്കുന്നത്.
ഇതിനാണ് നിരോധനം ഏർപ്പെടുത്തുക. പകരം മലിനജലം ശുദ്ധീകരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് നൽകും.
കുടിവെള്ള ആവശ്യത്തിനല്ലാതെ ഭൂഗർഭവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാകും ഉത്തരവ് പുറപ്പെടുവിക്കുക.
നിർമാണ സ്ഥലങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനും മെട്രോ വാട്ടർ തയ്യാറാണെന്നും അധികൃതർ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ മലിനജലം ശുദ്ധീകരിക്കുന്ന രണ്ട് പ്ലാന്റുകൾ നിലവിൽ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.