ചെന്നൈ : ‘പുതുമൈ പെൺ’പദ്ധതി അവതരിപ്പിച്ചതിനു ശേഷം തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന പെൺകുട്ടികളിൽ 34 ശതമാനം വർധനയുണ്ടായതായി സർക്കാറിന്റെ കണക്ക്.
സർക്കാർ സ്കൂളുകളിൽ ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിച്ച പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു ചേരുമ്പോൾ പ്രതിമാസം 1,000 രൂപ നൽകുന്നതാണ് പദ്ധതി.
തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2022 സെപ്റ്റംബറിലാണ് പദ്ധതി തുടങ്ങിയത്.
കഴിഞ്ഞ വർഷം 2,73,000 പെൺകുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചതായി സർക്കാർ അറിയിച്ചു. തൊഴിൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന ‘നാൻ മുതൽവൻ’ പദ്ധതിയുടെ ആനുകൂല്യം 27 ലക്ഷം വിദ്യാർഥികൾക്കു ലഭിച്ചു.
1.19 ലക്ഷം കുട്ടികൾക്ക് ജോലി ലഭിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ ജോലി ആവശ്യങ്ങൾക്കനുസരിച്ച് കോഴ്സുകൾ പരിഷ്കരിക്കുകയും തൊഴിൽ പരിശീലനം നൽകുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
പുതുമൈ പെൺ പദ്ധതിയുടെ മാതൃകയിൽ ആവിഷ്കരിച്ച ‘തമിഴ് പുതൽവൻ’ പദ്ധതിക്ക് അടുത്ത മാസം തുടക്കമാവും. മൂന്നു ലക്ഷം കുട്ടികൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിക്കായി ഈ വർഷത്തേക്ക് 360 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ‘
പുതുമൈ പെൺ’, ‘ തമിഴ് പുതൽവൻ’ പദ്ധതികളുടെ ആനുകൂല്യം സർക്കാർ സ്കൂളിൽ ആറു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിച്ച പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമാണ് ലഭിക്കുക.
ഇവർ അംഗീകൃത സ്ഥാപനങ്ങളിൽ ബിരുദത്തിനോ പ്രൊഫഷണൽ കോഴ്സുകൾക്കോ ചേരുമ്പോഴാണ് സാമ്പത്തിക സഹായം കിട്ടുക. പഠനച്ചെലവിലേക്കായി കുട്ടികളുടെ അക്കൗണ്ടിൽ പ്രതിമാസം ആയിരം രൂപ വീതം നിക്ഷേപിക്കും.
കേന്ദ്രസർക്കാറിന്റെ കണക്കനുസരിച്ച് തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന പെൺകുട്ടികളുടെ അനുപാതം 47.3 ശതമാനമവും ആൺകുട്ടികളുടേത് 46.8 ശതമാനവുമാണ്.
തമിഴ് പുതൽവൻ പദ്ധതി നടപ്പാകുന്നതോടെ കോളേജിൽ ചേരുന്ന ആൺകുട്ടികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.