Read Time:1 Minute, 23 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം ഡൽഹിയിൽ നടക്കുന്ന ഇന്ത്യസഖ്യ നേതാക്കളുടെ യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കും.
ജൂൺ ഒന്നിന് ഡൽഹിയിലെത്തുന്ന സ്റ്റാലിൻ രണ്ടിനായിരിക്കും തിരിച്ചുവരുക.
ജൂൺ നാലിന് തിരഞ്ഞെടുപ്പുഫലം വരുന്നതിനുമുന്നോടിയായാണ് ഇന്ത്യ സഖ്യം യോഗം ചേരുന്നത്. തിരഞ്ഞെടുപ്പിൽ വിജയമുറപ്പാണെന്നാണ് ഡി.എം.കെ. കരുതുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിൽ സഖ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനാർഥി ആരാണെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയ്ക്കുവരും.
യോഗത്തിനെത്തില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അവസാനഘട്ടത്തിലും വോട്ടെടുപ്പു നടക്കുന്നതും ചുഴലിക്കാറ്റ് ദുരിതാശ്വാസപ്രവർത്തനങ്ങൾ നടക്കുന്നതുമാണ് കാരണമായിപ്പറയുന്നത്.