ചെന്നൈ : കല്യാണമണ്ഡപങ്ങളിൽ മിച്ചംവരുന്ന ഭക്ഷണം ശേഖരിച്ച് പാവങ്ങൾക്ക് നൽകാനുള്ള പദ്ധതിയുമായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം.
ലോക വിശപ്പുദിനത്തോടനുബന്ധിച്ച് ചെന്നൈയിൽ നടത്തിയ അന്നദാനച്ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദാണ് ഇത് അറിയിച്ചത്.
വിജയ്യുടെ നിർദേശപ്രകാരമാണ് തമിഴ്നാട്ടിൽ ഒന്നാകെ അന്നദാനം സംഘടിപ്പിക്കുന്നത്. ഒരുദിവസംമാത്രം ഭക്ഷണം നൽകിയാൽ പോരെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതുകൊണ്ടാണ് കല്യാണമണ്ഡപങ്ങളിൽ മിച്ചംവരുന്ന ഭക്ഷണം ശേഖരിച്ച് പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ വിജയ് നിർദേശിച്ചിരിക്കുന്നതെന്നും ആനന്ദ് വ്യക്തമാക്കി.
കല്യാണമണ്ഡപങ്ങളിൽ മിച്ചംവരുന്ന ഭക്ഷണം പലപ്പോഴും പാഴാകുമ്പോൾ മറുഭാഗത്ത് ഒട്ടേറെപ്പേർ വിശപ്പടക്കാൻ പ്രയാസപ്പെടുന്നുണ്ട്.
പാർട്ടിപ്രവർത്തകർ ഈ ഭക്ഷണം അതതു പ്രദേശങ്ങളിലെ കല്യാണമണ്ഡപങ്ങളിൽനിന്ന് ശേഖരിച്ച് പാക്കറ്റുകളാക്കി പാവപ്പെട്ടവർക്കും വയോധികർക്കും മറ്റും എത്തിക്കാനാണ് തീരുമാനം.
ഇതിനായി കല്യാണമണ്ഡപ ഉടമകളുമായി കരാറുണ്ടാക്കും. അവർ വിവരം അറിയിക്കുന്നതിനനുസരിച്ച് അവിടെനിന്ന് ഭക്ഷണം ശേഖരിക്കും.
പാർട്ടിപ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന കല്യാണത്തിനും മറ്റു ചടങ്ങുകൾക്കും തയ്യാറാക്കുന്ന ഭക്ഷണത്തിൽ ഒരു വിഹിതം സമീപപ്രദേശത്തെ വൃദ്ധസദനത്തിലും അഗതിമന്ദിരത്തിലും നൽകാനും വിജയ് നിർദേശം നൽകിയിട്ടുണ്ടെന്ന് പാർട്ടിനേതാക്കൾ അറിയിച്ചു.