ചെന്നൈ : കാമുകിയോടുള്ള ദേഷ്യത്തിന്റെ പേരിൽ ബസിന് നേരേ പെട്രോൾ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ ജില്ലയിലെ നരസിംഹപാളയത്തിലാണ് സംഭവം.
ഇവിടെയുള്ള പ്രേം കുമാറാണ് തന്നോട് പിണങ്ങിയ കാമുകി സഞ്ചരിച്ച സർക്കാർ ബസിന് നേരേ ബോംബെറിഞ്ഞത്.
ഡ്രൈവർ പെട്ടെന്ന് ബസ് നിർത്തിയതിനാൽ ബസിൽ കൊള്ളാതെ റോഡിൽവീണ് പെട്രോൾ ബോംബ് പൊട്ടി. എന്നാൽ, യാത്രക്കാർ ഭയന്ന് ബസിൽനിന്ന് ഇറങ്ങിയോടി.
ബസ് ഡ്രൈവറുടെ പരാതിയെത്തുടർന്ന് പിന്നീട് പ്രേം കുമാറിനെ പോലീസ് അറസ്റ്റുചെയ്തു.വി.സി.കെ. പ്രാദേശിക നേതാവായ അരുമരാജിന്റെ മകനായ പ്രേംകുമാർ പോളിടെക്നിക്ക് ഡിപ്ലോമ പൂർത്തിയാക്കി ജോലി അന്വേഷിക്കുകയാണ്.
പഠനകാലം മുതൽ പ്രേംകുമാർ സമീപവാസിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് ഇരുവരും തമ്മിൽ പിണങ്ങി.
പിന്നീട് പ്രശ്നം പരിഹരിക്കാൻ പ്രേംകുമാർ ശ്രമിച്ചുവെങ്കിലും പെൺകുട്ടി ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറായില്ല. ഇതിന്റെ വിരോധത്തിലാണ് പെൺകുട്ടി കയറിയ ബസിന് നേരേ പെട്രോൾ ബോംബെറിഞ്ഞത്.