Read Time:1 Minute, 5 Second
ചെന്നൈ : ചെന്നൈയ്ക്കടുത്ത പള്ളിക്കരണൈ സംരക്ഷിത വനമേഖലയിൽ തീപ്പിടിത്തം. വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ പലയിടങ്ങളും കത്തിനശിച്ചു.
ആളപായമുണ്ടായിട്ടില്ല. തൊട്ടടുത്ത പട്ടയഭൂമിയിൽ നിന്നാണ് തീ പടർന്നതെന്നു കരുതുന്നു.
കഴിഞ്ഞമാസവും വനമേഖലയിൽ ചെറിയ തീപ്പിടിത്തമുണ്ടായി. ജില്ല വനംവകുപ്പ് ഓഫീസർ ശരവണൻ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചു.
രണ്ട് ഹെക്ടറോളം വനത്തിൽ തീപ്പിടിത്തമുണ്ടായതായി അദ്ദേഹം അറിയിച്ചു. ധാരാളം പക്ഷികൾ കൂട്ടമായെത്തുന്ന പ്രദേശമാണിത്.
ഉയർന്ന താപനിലയാവും തീപ്പിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്.