ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞവർഷം ഇരുചക്രവാഹനാപകടങ്ങളിൽ 8,113 പേരുടെ ജീവൻ പൊലിഞ്ഞു. 2022-ൽ 7,626 പേരാണ് മരിച്ചത്.
ഒറ്റവർഷംകൊണ്ട് മരണസംഖ്യയിൽ ആറുശതമാനമാണ് വർധന. സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോ പുറത്തുവിട്ട കണക്കാണിത്.
2023-ൽ സംസ്ഥാനത്തുണ്ടായ വാഹനപകടങ്ങളിലായി മൊത്തം മരിച്ചത് 18,347 പേരാണ്. ഇതിൽ ഇരുചക്രവാഹനാപകടമരണംമാത്രം 44 ശതമാനം വരും.
ഇതിൽത്തന്നെ ഹെൽമെറ്റ് ധരിക്കാതെ മരിച്ചവർ 2,426 പേരാണ്. മൊത്തമുള്ള മരണത്തിന്റെ 29 ശതമാനമാണിത്. 2022-ൽ ഹെൽമെറ്റ് ധരിക്കാത്തതുമൂലമുള്ള മരണം 2,477 ആയിരുന്നു.
2023-ൽ ഹെൽമെറ്റ് ധരിക്കാതെ ഏറ്റവുംകൂടുതൽ മരണമുണ്ടായത് ചെന്നൈക്കടുത്ത തിരുവള്ളൂരിലാണ്-157. തൊട്ടുപിറകിൽ കോയമ്പത്തൂരും-155. 2022-ൽ സംസ്ഥാനത്ത് മൊത്തം 17,884 റോഡപകട മരണങ്ങളുണ്ടായി.
മരണം സംഭവിക്കാത്ത റോഡപകടങ്ങൾ 2022-ൽ 64,105 ആയിരുന്നത് 2023 ആയപ്പോൾ 67,213 ആയി ഉയർന്നു.
ഹെൽമെറ്റ് നിയമം കർശനമായി നടപ്പാക്കിയതിനാൽ ചെന്നൈയിൽ മരണസംഖ്യ കുറഞ്ഞതായി ഗതാഗതവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
ഇരുചക്രവാഹനങ്ങൾക്കുപുറമേ ഏറ്റവുംകൂടുതൽ അപകടമരണങ്ങളുണ്ടായത് നാലുചക്രവാഹനങ്ങൾ ഓടിച്ചവരിലാണ്.
കാറപകടങ്ങളിൽ 4,199 (22.89 ശതമാനം) പേരും ലോറി അപകടങ്ങളിൽ 2,703 (14.73 ശതമാനം) പേരും മരിച്ചു. 2023-ൽ ഏറ്റവുംകൂടുതൽ അപകടങ്ങൾ സംഭവിച്ചത് സംസ്ഥാനപാതകളിലാണ് (34.47 ശതമാനം).
ദേശീയപാതകളിൽ 25.39 ശതമാനവും ജില്ലാ റോഡുകളിൽ 18.72 ശതമാനവും ഗ്രാമങ്ങളിലെ റോഡുകളിൽ 11.15 ശതമാനവും അപകടങ്ങളുണ്ടായി.
റോഡ് സുരക്ഷ സംബന്ധിച്ച കുറ്റകൃത്യങ്ങളിൽ 2023-ൽ 65,477 പേരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി. 2022-ൽ 66,147 പേരുടെ ലൈസൻസാണ് റദ്ദാക്കിയത്.
ഏറ്റവുംകൂടുതൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്തത് റെഡ്ലൈറ്റ് മറികടക്കുന്നതിനാണ് (28 ശതമാനം). അതിവേഗം, ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ സംസാരം എന്നിവയ്ക്ക് 23 ശതമാനം പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി.