ചെന്നൈ: താംബരം വ്യോമസേന താവളത്തിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തപ്പോൾ മേഘാ മുകുന്ദൻ കുറിച്ചത് ചരിത്രം.
അഗ്നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിൽ ഇടംനേടിയ ആദ്യ മലയാളിവനിത എന്ന പെരുമയാണ് ഈ മലമ്പുഴ സ്വദേശി സ്വന്തമാക്കിയത്.
വ്യോമസേനയിൽനിന്ന് വിരമിച്ച അച്ഛന്റെ പാത പിന്തുടർന്നാണ് 21-കാരിയായ മേഘ സൈനിക സേവനം തിരഞ്ഞെടുത്തത്.
മേഘയടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 234 വനിതകൾ ശനിയാഴ്ച നടന്ന പാസിങ് ഔട്ട് പരേഡിനുശേഷം വ്യോമസേനയുടെ ഭാഗമായി.
മലമ്പുഴ ശാസ്താ കോളനി വൃന്ദാവൻനഗറിൽ മേഘമൽഹാറിൽ വിമുക്തഭടൻ കെ.വി. മുകുന്ദന്റെയും സുമയുടെയും രണ്ട് പെൺമക്കളിൽ രണ്ടാമത്തെയാളാണ് മേഘ. പ്ലസ് ടു കഴിഞ്ഞപ്പോൾ അച്ഛനെപ്പോലെ സൈന്യത്തിൽ ചേരണമെന്ന് തീരുമാനിച്ചു.
ബിരുദപഠനം പൂർത്തിയാക്കിയതിനുശേഷം ബിരുദാനന്തരബിരുദത്തിന് ചേർന്നതിനൊപ്പം അഗ്നിപഥ് പദ്ധതിയിൽ അപേക്ഷിച്ചു.
എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും മെഡിക്കൽ ടെസ്റ്റും പാസായി ഡിസംബറിൽ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അഗ്നിവീർ എന്ന നിലയിൽ വ്യോമസേനയുടെ ഭാഗമായി തീർന്നതിൽ സന്തോഷമുണ്ടെന്ന് മേഘ പറഞ്ഞു. ഓഫീസർ റാങ്കിൽ എത്തിച്ചേരുകയാണ് ആഗ്രഹം.
ഇതിനുള്ള ആദ്യപടിയായിട്ടാണ് ഇപ്പോൾ അഗ്നിവീർ എന്ന നിലയിൽ സൈന്യത്തിൽ ചേർന്നത്. ഓഫീസറാകുന്നതിനുള്ള പരീക്ഷയ്ക്ക് തയ്യാറെടുപ്പ് തുടരും.
ഇത് നേടിയെടുക്കാൻ സാധിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസവും മേഘയ്ക്കുണ്ട്. തന്നെ മാതൃകയാക്കി മകളും സൈനികജീവിതം തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് മുകുന്ദൻ പറഞ്ഞു