ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കാനിരിക്കെ, സംസ്ഥാനത്ത് സുരക്ഷയ്ക്കായി ഒരു ലക്ഷം പോലീസുകാരെ നിയോഗിക്കും.
ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ 1000 പോലീസുകാരുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുമാത്രമായി 40,000 പേരുണ്ടാകും.
പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കും. ദ്രുതകർമസേനയും ഉണ്ടായിരിക്കും. ഇതിനുപുറമെ, 15 കമ്പനി അർധസൈനികരെയും നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഡി.ജി.പി. ശങ്കർ ജിവാൽ പറഞ്ഞു.
ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് സംസ്ഥാനത്തെല്ലായിടത്തും ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന ഡി.ജി.പി. പറഞ്ഞു. പൊതുസ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിൽ വോട്ടെണ്ണുന്ന അണ്ണാ സർവകലാശാല, ക്യൂൻ മേരീസ് കോളേജ്, ലൊയോള കോളേജ് എന്നിവിടങ്ങളിൽ 1000 പോലീസുകാരെ വീതം നിയോഗിച്ചിട്ടുണ്ട്.
ഒരു ജോയിന്റ് പോലീസ് കമ്മിഷണർ, മൂന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർ, 10 അസിസ്റ്റന്റ് പോലീസ് കമ്മിഷണർമാർ തുടങ്ങിയവർ വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടാകും.
വോട്ടെണ്ണൽ ദിവസം രാവിലെ ആറു മുതൽതന്നെ പോലീസുകാർ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തുമെന്നും ഡി.ജി.പി. ശങ്കർ ജിവാൽ പറഞ്ഞു.