ചെന്നൈ : തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ 100-ാം ജന്മവാർഷികം ഡി.എം.കെ.യുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണം കൂടാതെ തമിഴ്നാട്ടിൽ എല്ലാ ജില്ലകളിലും കരുണാനിധിയുടെ സ്മരണ പുതുക്കുന്ന ചടങ്ങുകൾ നടത്തി.
ഡൽഹിയിലെ ഡി.എം.കെ. ഓഫീസിൽ നടന്ന അനുസ്മരണത്തിൽ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
ഗോപാലപുരത്തുള്ള കരുണാനിധിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പൂക്കൾ അർപ്പിച്ചായിരുന്നു സ്റ്റാലിൻ അനുസ്മരണ പരിപാടികൾ ആരംഭിച്ചത്.
പിന്നീട് മറീന കടൽക്കരയിലെ കരുണാനിധി സമാധി സന്ദർശിച്ചു. അവിടെയും പുഷ്പങ്ങൾ അർപ്പിച്ചു.
മകനുംകായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മറ്റ് മന്ത്രിമാരായ കെ.എൻ. നെഹ്റു, പൊൻമുടി, ഐ.പെരിസാമി തുടങ്ങിയവരും സ്റ്റാലിന് ഒപ്പമുണ്ടായിരുന്നു.
ഡി.എം.കെ. മുഖപത്രമായ മുരശൊലിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കരുണാനിധിയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ പ്രതി സ്റ്റാലിനിൽനിന്ന് കരുണാനിധിയുടെ മൂത്തമകൻ മുത്തു ഏറ്റുവാങ്ങി.
തുടർന്ന് ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ എത്തിയ സ്റ്റാലിൻ അവിടെയുള്ള കരുണാനിധിയുടെ പ്രതിമയിൽ ഹാരം അണിയിച്ചു. കരുണാനിധിയുടെ 100 പുസ്തകങ്ങളുടെ പ്രദർശനവും അണ്ണാ അറിവാലയത്തിൽ നടന്നു.
ഡൽഹിയിലെ ഡി.എം.കെ. ഓഫീസിൽ നടന്ന അനുസ്മരണത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽഗാന്ധി, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹിക മാധ്യമമായ എക്സിലൂടെ കരുണാനിധിയെ അനുസ്മരിച്ചു.