ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 37 ലക്ഷം വിദ്യാർഥികൾക്ക് സേവിങ്സ് അക്കൗണ്ട് തുറക്കാനുള്ള സമഗ്രപദ്ധതിക്ക് തുടക്കമായി.
മൂന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളുടെ പേരിലാണ് പോസ്റ്റ്ഓഫീസുകളിൽ അക്കൗണ്ടുകൾ തുറക്കുക.
ഇതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസവകുപ്പും തപാൽവകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. ജൂൺ പത്തിന് സ്കൂൾ തുറന്നാലുടൻ നടപടികളാരംഭിക്കും.
ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നതിനു മുമ്പായി സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികൾ സുഗമമാക്കാൻ അക്കൗണ്ടുകളിലൂടെ സാധിക്കും.
സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ അക്കൗണ്ട് ആവശ്യമാണ്. അവസാനനിമിഷം അക്കൗണ്ടിനായി നെട്ടോട്ടമോടേണ്ട പ്രയാസങ്ങളും ഒഴിവാക്കാം.
അതത് സ്കൂളുകൾക്ക് സമീപമുള്ള തപാൽഓഫീസുകളിലായിരിക്കും കുട്ടികളുടെ അക്കൗണ്ടുകൾ തുറക്കുക. സീറോ ബാലൻസ് അക്കൗണ്ടുകളായിരിക്കും.