ചെന്നൈ : മുൻവിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ കലാക്ഷേത്രയിലെ മുൻഅധ്യാപകനും മലയാളിയുമായ ശ്രീജിത്ത് കൃഷ്ണയ്ക്ക് ജാമ്യം.
ശ്രീജിത്ത് കൃഷ്ണയുടെ ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ടി.വി. തമിഴ്സെൽവിയാണ് ജാമ്യം അനുവദിച്ചത്.
കലാക്ഷേത്രയിൽ 15 വർഷംമുമ്പ് അധ്യാപകനായിരുന്ന ശ്രീജിത്ത് കൃഷ്ണയിൽനിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നുവെന്ന് ആരോപിച്ച് ഇപ്പോൾ വിദേശത്തുതാമസിക്കുന്ന രണ്ട് വിദ്യാർഥിനികളാണ് ഇ-മെയിൽ മുഖേന പോലീസിന് പരാതിനൽകിയത്. ഏപ്രിൽ 22-നാണ് ചെന്നൈ നീലാങ്കരയിലുള്ള വീട്ടിൽനിന്ന് ശ്രീജിത്ത് അറസ്റ്റിലായത്.
ശ്രീജിത്തിനെതിരേ കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും അനാവശ്യമായി ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ പോലീസ് ശ്രമിക്കുകയാണെന്നും ഇയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനുമുമ്പ് ഇതേരീതിയിൽ പൂർവവിദ്യാർഥിനികൾ നൽകിയ പരാതിയെത്തുടർന്ന് കലാക്ഷേത്രയിലെ മറ്റൊരു മലയാളി അധ്യാപകൻ ഹരി പത്മൻ അറസ്റ്റിലായിരുന്നു. ഇയാളും പിന്നീട് ജാമ്യംനേടിയിരുന്നു.