ചെന്നൈ : പുതുച്ചേരി നിലനിർത്തി കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർഥി വി. വൈദ്യലിംഗം മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടി.
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ 1.97 ലക്ഷം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് വൈദ്യലിംഗം വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറവാണെങ്കിലും മികച്ച വിജയംതന്നെ കോൺഗ്രസിനു നേടാനായി.
വൈദ്യലിംഗത്തിന്റെ എതിരാളി ബി.ജെ.പി.യുടെ എ. നമശിവായമായിരുന്നു. വീറും വാശിയുമേറിയ പോരാട്ടമായിരുന്നു നടന്നത്.
അണ്ണാ ഡി.എം.കെ. യുടെ ജി. തമിഴ്വേന്ദനും നാം തമിഴർ കക്ഷി സ്ഥാനാർഥി ആർ. മേനകയും മൂന്നും നാലും സ്ഥാനത്തായി. പുതുച്ചേരി മണ്ഡലത്തിൽ മൊത്തം 26 സ്ഥാനാർഥികളാണ് കളത്തിലുണ്ടായിരുന്നത്.
78.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മാഹി, യാനം, കാരയ്ക്കൽ പ്രിവശ്യകൾകൂടി ഉൾപ്പെട്ടതാണ് പുതുച്ചേരി.
കേരളത്തിലെ രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് മാഹിയിൽ കോൺഗ്രസിനു വോട്ടുചെയ്യില്ലെന്ന് സി.പി.എം. തീരുമാനിച്ചിരുന്നു.