ചെന്നൈ: വിരുദുനഗറിൽ കടുത്ത മത്സരത്തിനൊടുവിലാണ് വിജയകാന്തിന്റെ മകനും ഡി.എം.ഡി.കെ. സ്ഥാനാർഥിയുമായ വിജയപ്രഭാകരൻ അടിയറവ് പറഞ്ഞത്.
ഇന്ത്യസഖ്യത്തിന് വേണ്ടി മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവ് മാണിക്യം ടാഗോറിനെ പിന്നിലാക്കി ഒരു ഘട്ടത്തിൽ വിജയപ്രഭാകരൻ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് നിലമാറി മറിയുകയായിരുന്നു.
വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ, കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് അമ്മയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലത ധ്യാനം ആരംഭിച്ചു.
വിജയകാന്തിന്റെ സ്മാരകത്തിന് സമീപമായിരുന്നു പ്രേമലതയുടെ ധ്യാനം. എന്നാൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഫലം അനുകൂലമായിരുന്നില്ല.
2011 നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പല സഖ്യങ്ങളിൽ മത്സരിച്ചിട്ടും ഡി.എം.ഡി.കെ. നിയമസഭയിലോ, ലോക്സഭയിലോ ഒരു സീറ്റിലും വിജയിച്ചിട്ടില്ല.
അതിനാൽ ഇത്തവണ വിജയപ്രഭാകരൻ മുന്നിട്ടുനിന്നപ്പോൾ പാർട്ടി ഏറെ പ്രതീക്ഷയിലായിരുന്നു. വിജയകാന്തിന്റെ മരണശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സഹാതാപ വോട്ടുകൾ മകന് ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.