ചെന്നൈ : സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധയാകർഷിച്ച മത്സങ്ങളിൽ ഒന്ന് രാമനാഥപുരത്തായിരുന്നു. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം (ഒ.പി.എസ്.) സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തിറങ്ങിയതോടെയാണ് രാമനാഥപുരം വി.ഐ.പി. മണ്ഡലമായത്.
അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കപ്പെട്ട ഒ.പി.എസ്. ചക്ക ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ചിഹ്നം പരിചയപ്പെടുത്താൻ ചക്കയുമായി മണ്ഡലത്തിലുടനീളം നടത്തിയ പര്യടനം ഒ.പി.എസിനെ വിജയത്തിലെത്തിച്ചില്ല.
രാമേശ്വരം ഉൾപ്പെടുന്ന രാമനാഥപുരം മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ മത്സരിക്കാൻ മോദി എത്തിയില്ല. പകരം സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി. മണ്ഡലം ഒഴിച്ചിടുകയും അവസാനംനിമിഷം സ്വതന്ത്രസ്ഥാനാർഥിയായി ഒ.പി.എസ്. എത്തുകയുമായിരുന്നു.
തേവർ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഈ വിഭാഗത്തിൽപ്പെട്ട ഒ.പി.എസിന് വിജയസാധ്യതയുണ്ടെന്നായിരുന്നു എൻ.ഡി.എ. സഖ്യത്തിന്റെ വിലയിരുത്തൽ.
കച്ചത്തീവ് വിഷയം ഉയർത്തിക്കാട്ടി നടത്തിയ പ്രചാരണങ്ങൾ തനിക്ക് ഗുണമാകുമെന്ന് ഒ.പി.എസ്. കണക്കുകൂട്ടി.
എന്നാൽ ഇന്ത്യസഖ്യത്തിനുവേണ്ടി മത്സരിച്ച മുസ്ലിം ലീഗിന്റെ സിറ്റിങ് എം.പി. നവാസ് ഖനി വിജയം ആവർത്തിക്കുകയായിരുന്നു. തമിഴ്നാട്ടിലെ മുസ്ലിം ലീഗിന്റെ ഏക സീറ്റാണിത്.