ചെന്നൈ : 89 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ചെന്നൈ വിമാനത്താവളജീവനക്കാരന് ഒരുവർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. എ.ഡി. കാർത്തികേയനെയാണ് (38) ആലന്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2017 സെപ്റ്റംബർ നാലിനാണ് കാർത്തികേയൻ അറസ്റ്റിലായത്.
കാർഗോ ടെർമിനൽ ഡ്യൂട്ടിയിലായിരുന്ന ഇയാളിൽനിന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) ഒരുകിലോ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. കേസിൽ ഏഴു വർഷത്തിനുശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്.
ഒമാനിൽനിന്നെത്തിയ യാത്രക്കാരൻ ഏൽപ്പിച്ചതാണ് സ്വർണമെന്നും അദ്ദേഹം പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നും കാർത്തികേയൻ പറഞ്ഞതായി സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകി.
എന്നാൽ സ്വർണം വാങ്ങാൻ ആരുമെത്തിയില്ല. തുടർന്ന് കാർത്തികേയനെതിരേ കേസെടുക്കുകയായിരുന്നുവെന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
വിമാനത്താവള അധികൃതർ കാർത്തികേയനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
അതേസമയം കാർത്തികേയനെ ബോധപൂർവം അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ഇയാൾക്കുവേണ്ടി ഹാജരായ അഡ്വ. കരികാലൻ വാദിച്ചു.
കാർഗോ ടെർമിനലിൽ കൗണ്ടറിനുസമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സ്വർണം സി.ഐ.എസ്.എഫിന് കൈമാറാനായി കാത്തിരിക്കവേയാണ് കാർത്തികേയനെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ പറഞ്ഞു. സ്വർണം കൈയിൽവെച്ചത് കാർത്തികേയൻ നിഷേധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.