ചെന്നൈ : പെൺസുഹൃത്ത് പിണങ്ങിയതിന്റെപേരിൽ യുവാവ് ബസിൽനിന്ന് ചാടി മരിച്ചു. തിരുച്ചിറപ്പള്ളി തുറയൂർ സ്വദേശി വിനോദാണ് (21) ഒാടിക്കൊണ്ടിരുന്ന ബസിൽനിന്ന് ചാടിയത്.
തലയിടിച്ചുവീണ വിനോദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. തുറയൂരിൽ പൂക്കടയിൽ ജോലിചെയ്യുകയായിരുന്ന വിനോദ് പെരമ്പല്ലൂരിലുള്ള കോളേജ് വിദ്യാർഥിയുമായി പ്രണയത്തിലായിരുന്നു.
എന്നാൽ കുറച്ചുദിവസമായി പെൺകുട്ടി വിനോദിനെ അവഗണിച്ചതിനെത്തുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
പെരമ്പല്ലൂരിൽനിന്ന് തുറയൂരിലേക്ക് സർക്കാർബസിൽ യാത്രചെയ്യുന്നതിനിടെ മൊബൈലിൽ സംസാരിച്ചുകൊണ്ടിരുന്ന വിനോദ് ബസിൽനിന്ന് ചാടി മരിക്കാൻ പോകുകയാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് വാതിലിലൂടെ ചാടിയത്.
ഇത് കണ്ട സഹയാത്രക്കാർ ശബ്ദമുണ്ടാക്കിയതോടെ ഡ്രൈവർ ബസ് നിർത്തുകയും റോഡിൽ വീണുകിടന്ന വിനോദിനെ പെരമ്പല്ലൂർ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ഇതിനകം മരണം സംഭവിച്ചിരുന്നു.