ചെന്നൈ : കോയമ്പത്തൂരിലെ ഇക്കരൈ ബൂലുവാമ്പട്ടിയിൽ നിർമിച്ച ശ്മശാനം പ്രവർത്തിപ്പിക്കുന്നതിൽനിന്ന് ഇഷ ഫൗണ്ടേഷന് മദ്രാസ് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്.
സംഭവത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
ഇഷ ഫൗണ്ടേഷൻ നിർമിച്ച ശ്മശാനത്തിനെതിരേ പ്രദേശവാസിയായ എസ്.എൻ. സുബ്രഹ്മണ്യനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജനവാസ കേന്ദ്രത്തിൽനിന്നോ ജലസ്രോതസസ്സിൽനിന്നോ 90 മീറ്റർ അകലെയേ ശവസംസ്കാര കേന്ദ്രങ്ങൾ സ്ഥാപിക്കാവൂ എന്നാണ് നിയമമെന്നും അതുലംഘിച്ചുകൊണ്ടാണ് ഇഷ ഫൗണ്ടേഷൻ ശ്മശാനം നിർമിച്ചതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.
തന്റെ വീടിനോട് ചേർന്നാണ് ശ്മശാനമെന്നും യോഗാ സെന്ററിലെ മാലിന്യം മുഴുവൻ ഇവിടെ കൂട്ടിയിടുന്നതുകാരണം തനിക്ക് ഒഴിഞ്ഞു പോകേണ്ടിവന്നെന്നും ഹർജിക്കാരൻ പറഞ്ഞു.
എന്നാൽ, ഒട്ടും മാലിന്യമില്ലാത്ത രീതിയിലാണ് ശ്മശാനത്തിന്റെ നിർമിതിയെന്ന് ഇഷ ഫൗണ്ടേഷൻ കോടതിയെ അറിയിച്ചു. വാതകം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
100 മീറ്റർ ഉയരമുള്ള പുകക്കുഴലുള്ളതുകൊണ്ട് പരിസരമലിനീകരണം ഉണ്ടാവുന്നില്ല. ഇത്തരം 14 ശ്മശാനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
ശ്മശാനം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദേശം നൽകി. ഹർജിയിൽ തീർപ്പു കൽപിക്കുന്നതു വരെയാണ് ശ്മശാനം പ്രവർത്തിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.