ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ സ്കൂളിൽ കടന്ന പുള്ളിപ്പുലിയെ പിടികൂടി കാട്ടിലേക്കു വിട്ടു.
വെള്ളിയാഴ്ച വൈകീട്ട് സ്വകാര്യ സ്കൂളിലെ കാർഷെഡ്ഡിൽ കടന്ന പുലിയെ മണിക്കൂറുകൾക്കുശേഷം ശനിയാഴ്ച പുലർച്ചെയാണ് മയക്കുമരുന്നു കുത്തിവെ ച്ച് പിടികൂടിയത്.
വൈകീട്ട് സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് പുള്ളിപ്പുലിയെത്തിയത്. സ്കൂൾപരിസരത്തുണ്ടായിരുന്ന വയോധികനെ ആക്രമിച്ചശേഷം പുലി കാർഷെഡ്ഡിനത്തുകയറി ഒരു കാറിനടിയിൽ കിടപ്പുതുടങ്ങി.
കാവൽക്കാർ ഷെഡ് പുറത്തുനിന്നു പൂട്ടി. കാർ നിർത്തി പുറത്തിറങ്ങിയ അഞ്ചുപേർ അപ്പോൾ ഷെഡ്ഡിലുണ്ടായിരുന്നു.
അവർ കാറിനുള്ളിൽ കയറി വാതിലടച്ചു. ഏഴുമണിക്കൂറോളം കാറിൽത്തന്നെ കഴിച്ചുകൂട്ടിയശേഷമാണ് അവർക്ക് പുറത്തിറങ്ങാനായത്.
സ്കൂളിലെ കൂട്ടികളെ മാറ്റുകയും സമീപത്തെ കടകൾ അടപ്പിക്കുകയും ചെയ്തശേഷമാണ് വനംവകുപ്പ് അധികൃതർ പുലിയെ പിടികൂടാനുള്ള ശ്രമം തുടങ്ങിയത്.
തിരുപ്പത്തൂർ ജില്ലാകളക്ടർ കെ. തർപ്പഗരാജിന്റെയും പോലീസ് സൂപ്രണ്ട് ആൽബർട്ട് ജോണിന്റെയും നേതൃത്വത്തിലായിരുന്നു ദൗത്യം.
വാട്സാപ്പ് വീഡിയോകോളിലൂടെ സംസാരിച്ച് കാറിനകത്തുള്ളവർക്ക് അവർ ധൈര്യം പകർന്നു.
മണിക്കൂറുകൾക്കുശേഷം മേൽക്കൂരയിൽനിന്ന് കോണിയിറക്കി കാറിലുള്ളവരെ പുറത്തെത്തിച്ചു.
അതിനുശേഷമാണ് മരുന്നു കുത്തിവെച്ച് മയക്കിയശേഷം പുലിയെ പിടികൂടിയത്. പിന്നീടതിനെ ഉൾക്കാട്ടിൽ വിട്ടയച്ചു. പുലിയെ കണ്ടതിനെത്തുടർന്ന് പ്രദേശത്തെ സ്കൂളുകൾക്ക് മൂന്നുദിവസം അവധി പ്രഖ്യാപിച്ചിരുന്നു.