ചെന്നൈ : സർക്കാർ സ്കൂളുകളിൽ പഠിച്ച ആൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാസം തോറും 1,000 രൂപ വീതം നൽകുന്ന ‘തമിഴ് പുതൽവൻ’ പദ്ധതിക്ക് ഓഗസ്റ്റിൽ തുടക്കമാവുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസത്തിനുപോകുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ആവിഷ്കരിച്ച ‘പുതുമൈ പെൺ’ പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് ആൺകുട്ടികൾക്കുവേണ്ടി ‘തമിഴ് പുതൽവൻ’ പദ്ധതി ആവിഷ്കരിച്ചത്.
സർക്കാർ സ്കൂളിൽ ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിച്ച ആൺകുട്ടികൾ അംഗീകൃത സ്ഥാപനങ്ങളിൽ ബിരുദത്തിനോ പ്രൊഫഷണൽ കോഴ്സുകൾക്കോ ചേരുമ്പോഴാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
പഠനച്ചെലവിലേക്കായി കുട്ടികളുടെ അക്കൗണ്ടിൽ പ്രതിമാസം ആയിരം രൂപ വീതം ലഭിക്കും. ഈ വർഷം ജൂണിൽ പദ്ധതി തുടങ്ങുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഓഗസ്റ്റുമുതൽ പണം കിട്ടിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ 2022-ൽ തുടങ്ങിയ ‘പുതുമൈ പെൺ’ പദ്ധതി വൻ വിജയമാണെന്നാണ് വിലയിരുത്തൽ. അതിന്റെ അടിസ്ഥാനത്തിലാണ് ആൺകുട്ടികൾക്കുവേണ്ടിയും സമാന പദ്ധതി തുടങ്ങിയത്. മൂന്നുലക്ഷം കുട്ടികൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിക്കായി ഈ വർഷത്തേക്ക് 360 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
സർക്കാർ സ്കൂളുകളിൽ ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിച്ച പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു ചേരുമ്പോൾ പ്രതിമാസം 1,000 രൂപ ലഭിക്കുന്നതാണ്
‘പുതുമൈ പെൺ’ പദ്ധതി. കഴിഞ്ഞവർഷം 2,73,000 പെൺകുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു എന്നാണ് കണക്കാക്കുന്നത്. കോളേജുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കാനും ഇത് വഴിയൊരുക്കി.