ചെന്നൈ : കുഞ്ഞിനെ ദത്തു നൽകാനുള്ള നടപടിക്രമങ്ങളിൽ അമ്മ വിവാഹിതയാണോ എന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
അവിവാഹിതയായ അമ്മയ്ക്ക് അച്ഛന്റെ രേഖാമൂലമുള്ള അനുമതി കൂടാതെത്തന്നെ കുട്ടിയെ ദത്തു നൽകാൻ അവകാശമുണ്ടെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് വിധിച്ചു.
അവിവാഹിതയുടെ മൂന്നു വയസ്സുള്ള കുട്ടിയെ ദത്തെടുക്കുന്നതിന് അനുമതി നിഷേധിച്ച അധികൃതരുടെ നടപടിയെ ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി.
പ്രായപൂർത്തിയാകും മുമ്പാണ് പെൺകുട്ടിക്ക് കുഞ്ഞുണ്ടായത്. കുഞ്ഞിന് ഇപ്പോൾ മൂന്നു വയസ്സായി. മെച്ചപ്പെട്ട ഭാവിജീവിതം ലഭിക്കുന്നതിനായി കുഞ്ഞിനെ ദത്തു നൽകാൻ അമ്മ തീരുമാനിച്ചു.
മാധ്യമപ്രവർത്തകനും സർക്കാരുദ്യോഗസ്ഥയായ ഭാര്യയുമടങ്ങുന്ന കുടുംബം കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു.
എന്നാൽ, കുട്ടിയുടെ അച്ഛൻ രേഖാമൂലം സമ്മതം നൽകിയില്ലെന്നു ചൂണ്ടിക്കാണിച്ച് അധികൃതർ അനുമതി നിഷേധിച്ചു. ഇതിനെ ചോദ്യംചെയ്ത് മാധ്യമ പ്രവർത്തകനാണ് ഹൈക്കോടതിയെ സമീപിച്ചത്.
അവിവാഹിതയ്ക്ക് കുഞ്ഞിനെ ദത്തു നൽകുന്നതിന് അച്ഛന്റെ അനുമതി വേണമെന്നു തോന്നുന്നത് പുരുഷ മേധാവിത്വ മനഃസ്ഥിതി കാരണമാണെന്ന് ജസ്റ്റിസ് സ്വാമിനാഥൻ ചൂണ്ടിക്കാണിച്ചു.
വിവാഹേതര ബന്ധത്തിൽ പിറന്ന കുഞ്ഞിന്റെ ഏക രക്ഷാധികാരി അമ്മയാണ്. കുട്ടിയുടെ ഭാവി കണക്കിലെടുത്ത് ദത്തുനൽകാൻ തീരുമാനിക്കുന്നതിന് അമ്മയ്ക്ക് മറ്റാരുടെയും അനുമതി തേടേണ്ട കാര്യമില്ല.
അമ്മയുടെ വൈവാഹിക സ്ഥിതി ഇവിടെ വിഷയമാകേണ്ടതുമില്ല -ഹൈക്കോടതി വ്യക്തമാക്കി.