ചെന്നൈ : നേതാക്കൾ പാർട്ടി ഓഫീസിൽ നടത്തുന്ന പത്രസമ്മേളനങ്ങളിൽ മാത്രം മാധ്യമങ്ങളോട് പ്രതികരിച്ചാൽ മതിയെന്ന സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നിർദേശം മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ ലംഘിച്ചു.
ആദ്യം കോയമ്പത്തൂർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച വാനതി പിന്നീട് കോയമ്പത്തൂരിൽ തന്നെ നടന്ന മറ്റൊരു ചടങ്ങിന് ശേഷവും മാധ്യമങ്ങളെ കണ്ടു.
പത്രസമ്മേളനങ്ങൾ പാർട്ടി ഓഫീസുകളിൽ മാത്രമെ നടത്തുകയുള്ളുവെന്ന് കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് അണ്ണാമലൈ പറഞ്ഞത്.
ബി.ജെ.പി.യുടെ എല്ലാ നേതാക്കളും ഇനി മുതൽ പാർട്ടി ഓഫീസിൽ പ്രത്യേകം വിളിച്ചു ചേർക്കുന്ന വാർത്ത സമ്മേളനത്തിൽ മാത്രമായിരിക്കും പ്രതികരിക്കുകയെന്നും വ്യക്തമാക്കിയിരുന്നു.
വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വരുമ്പോൾ ചോദ്യങ്ങൾക്ക് പ്രതികരിക്കുന്ന പതിവ് നിർത്തുന്നുവെന്നും അറിയിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു വാനതിയുടെ മാധ്യമങ്ങളെ കണ്ടത്.