ചെന്നൈ : വാടക മുടക്കിയതിന്റെപേരിൽ വീട്ടുടമ പടിക്കെട്ടുകൾ തകർത്തതോടെ വാടകക്കാരായ കുടുംബം ഒന്നാംനിലയിൽ കുടുങ്ങി. കാഞ്ചീപുരം വാനവിൽ നഗറിലുള്ള ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന വേണുഗോപാലും ഭാര്യയും രണ്ടുമക്കളുമാണ് വീട്ടിൽ കുടുങ്ങിയത്.
ഇവർ ഫോണിൽ വിളിച്ച് സഹായമഭ്യർഥിച്ചതിനെത്തുടർന്ന് പോലീസ് ഇടപെടുകയും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി നാലുപേരെയും പുറത്തെത്തിക്കുകയുമായിരുന്നു.
പക്ഷാഘാതത്തെത്തുടർന്ന് ജോലിക്കുപോകാൻ സാധിക്കാതെവന്നതോടെ കഴിഞ്ഞ ആറുമാസമായി വേണുഗോപാലൻ വാടകനൽകിയിരുന്നില്ല. വാടക മുടക്കിയതിനാൽ വീടൊഴിയാൻ ശ്രീനിവാസൻ ആവശ്യപ്പെട്ടു.
എന്നാൽ കൂടുതൽ സമയംനൽകണമെന്ന് വേണുഗോപാലൻ അഭ്യർഥിച്ചു. തുടർന്നാണ് കഴിഞ്ഞദിവസം പുലർച്ചെ പത്തോളംപേരുമായി എത്തി ശ്രീനിവാസൻ വീടിന്റെ പടിക്കെട്ടുതകർത്തത്. വീടിനുപുറത്തിറങ്ങാൻ കഴിയാതെവന്നതോടെ 100-ൽ വിളിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പോലീസിന്റെ നിർദേശപ്രകാരം അഗ്നിരക്ഷാസേനയെത്തി ഏണി ഉപയോഗിച്ച് ആദ്യം വേണുഗോപാലിന്റെ ഭാര്യ ഷീലയെയും മക്കളെയും താഴെയിറക്കി. പിന്നീട്, കിടപ്പിലായിരുന്ന വേണുഗോപാലിനെയും ഇറക്കി. ഇവരെ പിന്നീട് ബന്ധുവീട്ടിലേക്കുമാറ്റി.