ചെന്നൈ : കേരളത്തിലുൾപ്പെടെ കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പരോളിലിറങ്ങിയ പ്രതി നാലു വർഷത്തിനുശേഷം പിടിയിൽ.
കോയമ്പത്തൂർ സ്വദേശി സി. ശിവകുമാറി (45)നെയാണ് ഈറോഡിലെ ഹോട്ടലിൽനിന്ന് പിടികൂടിയത്. പോലീസിന്റെ തന്ത്രപരമായ നീക്കമാണ് ഇയാളെ വലയിലാക്കിയത്.
പരോളിലിറങ്ങിയ ശേഷം ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ഹോട്ടൽജോലി ചെയ്യുകയായിരുന്നു ശിവകുമാർ. മധുര സ്റ്റൈലിൽ പൊറോട്ട ഉണ്ടാക്കാനെന്ന വ്യാജേന ഒരു പോലീസുകാരൻ അടുപ്പംകൂടിയാണ് ശിവകുമാറിനെ അറസ്റ്റുചെയ്തത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.
ബിരുദധാരിയായ ശിവകുമാർ 2004-ൽ കേരളത്തിൽ കൊലപാതകക്കേസിൽ പ്രതിയാണ്. 2012-ൽ ചെന്നൈയിലെ വേളാച്ചേരിയിൽ ഒരുമിച്ചുതാമസിച്ച ഒരാളെ കൊന്നതിന് 2013-ൽ ഗിണ്ടി പോലീസ് അറസ്റ്റുചെയ്ത് പുഴൽ ജയിലിലടച്ചു.
ഇവിടെനിന്ന് കേരള പോലീസ് കസ്റ്റഡിയിലെടുക്കുകയും ഒറ്റപ്പാലം സെഷൻസ് കോടതി 2019-ൽ ശിക്ഷിച്ച് കണ്ണൂർ സെൻട്രൽ ജയിലിലടയ്ക്കുകയും ചെയ്തു.
കോവിഡ് കാലത്ത് സാമൂഹികാകലം പാലിക്കുന്നത് കണക്കിലെടുത്ത് ജയിലിൽനിന്ന് മോചിതനായി. നല്ല പെരുമാറ്റംകാരണമാണ് പരോൾ അനുവദിച്ചത്.
അതിനുശേഷം മുങ്ങി. ചെന്നൈയിലെ കൊലക്കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് 2020 ഒക്ടോബറിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മൂന്നുവർഷത്തിനുശേഷം മ്രദാസ് ഹൈക്കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു.
ശിവകുമാറിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബെംഗളൂരുവിലെ ഒന്നിലധികം ബാങ്കുകളിൽനിന്ന് പണം വന്നപ്പോഴാണ് പോലീസിനു പ്രതിയെക്കുറിച്ച് വീണ്ടും സൂചന ലഭിച്ചത്.
അന്വേഷണം ബെംഗളൂരുവിലെ ഉത്തരേന്ത്യൻ ഹോട്ടൽ തൊഴിലാളികളിലെത്തി.
അവരുടെ രേഖകൾ വെച്ചാണ് ശിവകുമാർ ബാങ്ക് അക്കൗണ്ടും സിം കാർഡുകളും എടുത്തതെന്നു കണ്ടെത്തി.
ഉത്തരേന്ത്യൻ തൊഴിലാളികളുടെ സഹായത്തോടെ ഈറോഡിലെ റസ്റ്ററന്റിൽ കാഷ്യറായി ജോലിചെയ്യുന്ന ശിവകുമാറിനെ പോലീസ് കണ്ടെത്തുകയായിരുന്നു.