വിഷമദ്യ ദുരന്തം: സി.ബി.ഐ. അന്വേഷണം വേണമെന്ന് പളനിസ്വാമി; പ്രതിപക്ഷം വീണ്ടും സഭ ബഹിഷ്കരിച്ചു

0 0
Read Time:2 Minute, 27 Second

ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിനുകീഴിൽ പോലീസ് അന്വേഷണം നടത്തിയാൽ ജനങ്ങൾക്ക് നീതി ലഭിക്കില്ല. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്നും ശനിയാഴ്ച നിയമസഭ ബഹിഷ്കരിച്ചു പുറത്തിറങ്ങിയ പളനിസ്വാമി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

വിഷമദ്യ ദുരന്തം നിയമസഭയിൽ ചർച്ചചെയ്യാൻ സ്പീക്കർ എം.അപ്പാവു അനുമതി നൽകാത്തതിനെത്തുടർന്നാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ. എം.എൽ.എ. മാർ സഭയിൽനിന്ന് ഇറങ്ങിപ്പോയത്.

‘കള്ളക്കുറിച്ചിയിലെ ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ വിഷയം ഉന്നയിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ചു. എന്നാൽ സ്പീക്കർ നിരസിച്ചു. ദുരന്തത്തിൽ ഇതുവരെ എത്രപേർ മരിച്ചുവെന്നും ചികിത്സയിലുള്ളവരുടെ അവസ്ഥയെക്കുറിച്ചും ചോദിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

സമ്മേളനം തുടങ്ങിയ ഉടൻ ഒരു മണിക്കൂർ ചോദ്യോത്തര വേളയ്ക്കായി നീക്കിവച്ചിട്ടുണ്ടെന്നും സഭാനടപടികളിൽ ഇടപെടരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

ഇതിൽ പ്രതിഷേധിച്ചായിരുന്നു സഭ ബഹിഷ്‌കരിച്ചതെന്നും’ പളനിസ്വാമി വ്യക്തമാക്കി. ശനിയാഴ്ചയും അണ്ണാ ഡി.എം.കെ. അംഗങ്ങൾ കറുത്തവസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്.

വെള്ളിയാഴ്ച ദുരന്തത്തെക്കുറിച്ച് ചോദ്യമുന്നയിച്ചതിനെത്തുടർന്ന് അണ്ണാ ഡി.എം.കെ. അംഗങ്ങളെ സഭയിൽനിന്ന് പുറത്താക്കിയിരുന്നു.

പിന്നീട് മുഖ്യമന്ത്രി സ്റ്റാലിൻ അവരെ തിരികെ വിളിക്കാൻ സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts