Read Time:1 Minute, 26 Second
ചെന്നൈ : കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ അധിക്ഷേപിച്ച് പ്രസംഗിച്ച കവിയും ഡി.എം.കെ. സഹയാത്രികനുമായ കെ. ഇനിയവനെതിരേ നടപടിക്കൊരുങ്ങി ദേശീയ വനിതാകമ്മിഷൻ.
സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് കമ്മിഷൻ തമിഴ്നാട് ഡി.ജിപി. ശങ്കർജിവാലിന് നോട്ടീസയച്ചു. ഇനിയവന്റെ നടപടിയിൽ പ്രതിഷേധിക്കുന്നെന്നും കമ്മിഷൻ എക്സിൽ പോസ്റ്റുചെയ്ത സന്ദേശത്തിൽ വ്യക്തമാക്കി.
കഴിഞ്ഞദിവസം ഡി.എം.കെ. ചെന്നൈയിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് നിർമലാ സീതാരാമനെതിരേ ഇനിയവന്റെ വിവാദ പരാമർശമുണ്ടായത്.
തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുജയിക്കാൻ സാധിക്കാത്ത നിർമല, തമിഴ്നാട്ടിൽനിന്ന് രണ്ടരലക്ഷത്തിലേറെ വോട്ടുകൾക്കുജയിച്ച് ലോക്സഭയിലെത്തുന്ന ഡി.എം.കെ. എം.പി.മാരെ ചോദ്യംചെയ്യാനിരിക്കുകയാണെന്നും ഇനിയവൻ പറഞ്ഞിരുന്നു.
പരാമർശത്തിനെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തിയിട്ടുണ്ട്.