ചെന്നൈ : വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ജസ്റ്റിസ് കെ. ചന്ദ്രു സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ചെന്നൈകോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ കീറിയെറിഞ്ഞു.
ബി.ജെ.പി. കൗൺസിലറായ ഉമാ ആനന്ദനാണ് റിപ്പോർട്ടിന്റെ പകർപ്പുമായി യോഗത്തിൽഎത്തുകയും അത് കീറിയെറിയുകയും ചെയ്തത്. ഹിന്ദുവിരുദ്ധമാണ് റിപ്പോർട്ട് എന്നായിരുന്നു ഇവരുടെ ആരോപണം.
ജാതി തിരിച്ചറിയുന്ന തരത്തിൽ ചരടുകൾ അടക്കമുള്ള അടയാളങ്ങൾ വിദ്യാർഥികൾ ധരിക്കാൻപാടില്ലെന്ന് ജസ്റ്റിസ് ചന്ദ്രുവിന്റെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
ഇതിനെതിരേ പ്രതിഷേധവുമായി എത്തിയ ഉമ, കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇതിന് തയ്യാറാകാതെവന്നതോടെയാണ് റിപ്പോർട്ട് കീറിയെറിഞ്ഞതിന് ശേഷം യോഗംബഹിഷ്കരിച്ചത്.
ഉമയുടെ പരാമർശങ്ങൾ കൗൺസിൽ യോഗത്തിന്റെ രേഖകളിൽ നീക്കാൻ പിന്നീട് മേയർ പ്രിയ ഉത്തരവിട്ടു. ബി.ജെ.പി.യുടെ ചെന്നൈ കോർപ്പറേഷനിലെ ഏക കൗൺസിലറാണ് ഉമ.
നാങ്കുനേരിയിൽ പിന്നാക്കവിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളായ സഹോദരിസഹോദരന്മാരെ ഉയർന്ന ജാതിയിൽപ്പെട്ട വിദ്യാർഥികൾ ആക്രമിച്ചതിനെ തുടർന്നാണ് ഇത്തരം നടപടികൾ തടയാനുള്ള മാർഗങ്ങൾ നിർദേശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി ചന്ദ്രുവിനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്.