ചെന്നൈ : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള അന്യസംസ്ഥാന ബസുകൾ തമിഴ്നാട്ടിൽ തടയരുതെന്ന് സുപ്രീം കോടതി.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സ്റ്റേജ് ക്യാരേജ് സർവീസ് നടത്തുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ബസുകളെ വിലക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.
ഇതോടെ തമിഴ്നാട്ടിലേക്ക് സർവീസ്നടത്തുന്ന ബസുകൾ കൂടാതെ ഇതുവഴി മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്ന ബസുകളെയും തടയുകയായിരുന്നു.
ഇത്തരത്തിൽ കടന്നുപോകുന്ന ബസുകളെ തടയരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇൗ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ വിശദീകരണവും ആവശ്യപ്പെട്ടു.
കേരളത്തിൽനിന്ന് കർണാടക, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലേക്കുള്ള ബസ് സർവീസുകളും തമിഴ്നാട് സർക്കാരിന്റെ പുതിയനടപടിമൂലം മുടങ്ങിയിരിക്കുകയായിരുന്നു.
ഇൗ ബസുകളുടെ ഉടമകൾ നൽകിയ ഹർജിയിയെ തുടർന്നാണ് സുപ്രീംകോടതി ഇടക്കാലഉത്തരവ് പുറപ്പെടുവിച്ചത്.
ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ നികുതിവെട്ടിപ്പു നടത്തുന്നത് തടയുന്നതിന് വേണ്ടി അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 838 ബസുകൾക്കായിരുന്നു തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്.
ടൂറിസ്റ്റ് പെർമിറ്റ് നേടുന്ന ബസുകൾക്ക് യാത്രക്കാരുമായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കോൺട്രാക്ട് ക്യാരേജായി പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.
എന്നാൽ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഒട്ടേറെ ബസുകൾ വിവിധയിടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റേജ് ക്യാരേജുകളായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
ഈ ബസുകൾ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട സർക്കാർ ഇതിന് സമയംഅനുവദിച്ചു. പിന്നീട് സമയപരിധി കഴിഞ്ഞതോടെ വിലക്കുകയായിരുന്നു.