ചെന്നൈ : തമിഴ്നാട്ടിൽനിന്ന് ശബരിമല ദർശനത്തിനുപോയ മൂന്ന് ട്രാൻസ്ജെൻഡർ വനിതകളെ പോലീസ് അവഹേളിച്ചെന്ന് പരാതി. അനധികൃത ലിംഗപരിശോധന നടത്തിയെന്നും ദർശനാനുമതി നിഷേധിച്ചെന്നുമാണ് ഇവർ പറയുന്നത്.
തമിഴ്നാട് സർക്കാർ നൽകിയ ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡുമായാണ് ഇവർ ശബരിമലയ്ക്കു പോയത്. ഒരാളുടെ അമ്മയും കൂടെയുണ്ടായിരുന്നു.
തിരിച്ചറിയൽ കാർഡ് നോക്കി പാസ് അനുവദിച്ചു. എന്നാൽ, ക്ഷേത്രത്തിനടുത്തുവെച്ച് പോലീസ് തടഞ്ഞു. ട്രാൻസ് വനിതകൾക്ക് ദർശനം അനുവദിക്കാനാവില്ലെന്നാണ് പറഞ്ഞത്.
തങ്ങൾ പതിവായി ക്ഷേത്രദർശനം നടത്തുന്നവരാണെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല.
ശബരിമലയിലെ ശൗചാലയത്തിൽവെച്ച് വനിതാ പോലീസുകാർ തങ്ങളെ വസ്ത്രമഴിച്ച് പരിശോധിച്ചെന്ന് ഇവർ പറയുന്നു. പിന്നീട് പമ്പ ഗവൺമെന്റ് ആശുപത്രിയിൽവെച്ച് വൈദ്യ പരിശോധന നടത്തി.
ഇവർ ട്രാൻസ് വനിതകളാണെന്ന് ഡോക്ടർ വിധിയെഴുതിയതോടെ ദർശനത്തിന് അനുമതി നിഷേധിച്ചു. രണ്ട് വനിതാ പോലീസുകാരുടെ സാന്നിധ്യത്തിൽ പുരുഷഡോക്ടറാണ് പരിശോധന നടത്തിയത്.
വൈദ്യപരിശോധനയും പരിഹാസവും ലൈംഗികാതിക്രമത്തിന് സമാനമായിരുന്നെന്ന് ഇവർ പറഞ്ഞു.