ചെന്നൈ: അടുക്കളയെ പൊള്ളിച്ചു നഗരത്തിൽ പച്ചക്കറിവില ഉയർന്നതോടെ മുൻപു സൗജന്യമായി നൽകിയിരുന്ന സാമ്പാറിനു നിരക്ക് ഏർപ്പെടുത്തി ഹോട്ടലുകൾ.
ഇതിനൊപ്പം വീടുകളിലും സാമ്പാർ ചെലവേറിയ ഇനമായി മാറി. സാമ്പാറിലെ ‘അവശ്യ ഘടകങ്ങളാ’യ മുരിങ്ങക്കായയ്ക്കും തക്കാളിക്കുമാണു വലിയ വിലക്കയറ്റം.
മുരിങ്ങ കിലോയ്ക്ക് 160 രൂപയ്ക്കാണ് ഇന്നലെ കോയമ്പേട് മാർക്കറ്റിൽ വിൽപന നടന്നത്. ഒന്നാം ഗ്രേഡിലുള്ള ഇനത്തിന് 200 രൂപ വരെയാണു വില.
ചില്ലറവിൽപന വില കിലോയ്ക്ക് ശരാശരി 20 രൂപ വരെ കൂടുമെന്നു വ്യാപാരികൾ പറഞ്ഞു. തക്കാളിക്ക് കിലോയ്ക്ക് 60 രൂപ വരെ ഉയർന്നിട്ടുണ്ട്.
ചേന, വെണ്ടയ്ക്ക, കാരറ്റ് ചെറിയ ഉള്ളി, ബീൻസ്, ഉരുളക്കിഴങ്ങ് എന്നു തുടങ്ങി സാമ്പാറിലെ എല്ലാ പച്ചക്കറികൾക്കും വില കൂടി.
ചില ഹോട്ടലുകൾ അര ലീറ്ററിന് 50 രൂപ നിരക്കിൽ പാഴ്സലായി സാമ്പാർ വിൽക്കാൻ ആരംഭിച്ചതായി തിരുവൊട്ടിയൂരിൽ ഹോട്ടൽ നടത്തുന്ന പ്രദീപ് പറഞ്ഞു.
ചെന്നൈ കോയമ്പേട് പച്ചക്കറി മാർക്കറ്റിൽ കൂടുതലായി തക്കാളി എത്തുന്നത് ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ്.
ആന്ധ്രയിലും കർണാടകയിലും മഴ പെയ്തതോടെ ചെന്നൈയിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞു. ഇതാണ് തക്കാളി വില കുതിച്ചുയരാൻ പ്രധാന കാരണം.