ചെന്നൈ : ജാതിസെൻസസ് നടത്താൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി.
വിദ്യാഭ്യാസം, ജോലി തുടങ്ങിയ മേഖലകളിൽ തുല്യത ഉറപ്പാക്കാൻ ജാതിസെൻസസ് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
2021-ൽ നടത്തേണ്ട സെൻസസ് നടപ്പാക്കാനും കേന്ദ്രം ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഡി.എം.കെയുടെ സഖ്യകക്ഷികളായ കോൺഗ്രസ്, വി.സി.കെ., എം.ഡി.എം.കെ., സി.പി.ഐ., സി.പി.എം., എം.എം.കെ., കെ.എം.ഡി.കെ. തുടങ്ങിയ പാർട്ടികൾ പ്രമേയത്തെ പൂർണമായും പിന്തുണച്ചു.
സംസ്ഥാനത്ത് ജാതിസെൻസസ് നടത്താൻ തയ്യാറാകാത്ത ഡി.എം.കെ. സർക്കാർ ഈ വിഷയത്തിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നത് അനാവശ്യ നടപടിയാണെന്ന നിലപാടാണ് എൻ.ഡി.എ. സഖ്യകക്ഷിയായ പി.എം.കെ. സ്വീകരിച്ചതെങ്കിലും പ്രമേയത്തെ എതിർത്ത് വോട്ടുചെയ്തില്ല.
കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് മുഖ്യപ്രതിപക്ഷമായ അണ്ണാ ഡി.എം.കെ.യുടെ ഔദ്യോഗിക പക്ഷത്തെ എം.എൽ.എ.മാരെ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ സഭയിൽനിന്ന് പുറത്താക്കിയിരുന്നു.
അതേസമയം അണ്ണാ ഡി.എം.കെ. ഒ. പനീർശെൽവം പക്ഷം പ്രമേയത്തെ പിന്തുണച്ചു. ജാതിസെൻസസ് സംസ്ഥാന സർക്കാരിന് നടത്താവുന്നതാണെന്നും ബി.ജെ.പി. നേതാവ് നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
പ്രമേയം അനവസരത്തിലാണെന്ന് അഭിപ്രായപ്പെട്ടു. ബി.ജെ.പിയും പ്രമേയം തള്ളണമെന്ന് ആവശ്യപ്പെട്ടില്ല.
സംസ്ഥാനസർക്കാർ ജാതിസെൻസസ് നടത്തണമെന്ന ആവശ്യം സ്റ്റാലിൻ തള്ളി. സെൻസസ് നടത്താൻ കേന്ദ്രസർക്കാരിന് മാത്രമാണ് അവകാശമുള്ളത്.
സംസ്ഥാന സർക്കാരിന് സർവേ നടത്താൻ മാത്രമാണ് കഴിയുക. ജാതിസർവേ നടത്തിയാൽപോലും അതിന് നിയമസാധുത ലഭിക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.