ചെന്നൈ : ഒട്ടോമാറ്റിക് സിഗ്നൽ സംവിധാനമുള്ള നോർത്ത് ഫ്രോണ്ടിയർ റെയിൽവേയിൽ ലോക്കോ പൈലറ്റുമാർക്ക് നൽകിയത് ഒറ്റദിവസത്തെ പരിശീലനം മാത്രമെന്ന് റെയിൽവേ വ്യക്തമാക്കി.
ഈമാസം 17-ന് പശ്ചിമബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻഗംഗ എക്സ്പ്രസ് ചരക്ക് തീവണ്ടിയിലിടിച്ച് 10 പേർ മരിച്ച സംഭവത്തിൽ ലോക്കോ പൈലറ്റ് വേഗനിയന്ത്രണം ലംഘിച്ചാണ് തീവണ്ടി ഓടിച്ചതെന്നായിരുന്നു റെയിൽവേ അധികൃതരുടെ ആദ്യപ്രതികരണം.
തുടർന്ന് റെയിൽവേ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ അപകടം നടന്ന റൂട്ടിൽ ഒട്ടോമാറ്റിക് സിഗ്നൽ ഏർപ്പെടുത്തിയപ്പോൾ തീവണ്ടി ഓടിക്കുന്നതിന് ലോക്കോ പൈലറ്റുമാർക്ക് വേണ്ടത്ര പരിശീലനം നൽകിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
സിഗ്നൽ സംവിധാനം ഒട്ടോമാറ്റിക്കിലേക്ക് മാറുമ്പോൾ ലോക്കോ പൈലറ്റുമാർക്ക് മൂന്നുദിവസം പരിശീലനം നൽകണം. ട്രാക്കിൽ തീവണ്ടിയോടിക്കാൻ പരിശീലനം നൽകുന്നതോടൊപ്പം ഒട്ടോമാറ്റിക് സംവിധാനം പ്രവർത്തിക്കുന്നതെങ്ങനെയെന്നത് സംബന്ധിച്ച് ക്ലാസും തുടർന്ന് പരീക്ഷയും വൈവയും മൂന്നു ദിവസത്തിനുള്ളിൽ നടത്തണം.
എന്നാൽ ഒരുദിവസത്തെ പരിശീലനം മാത്രമാണ് ഒട്ടോമാറ്റിക് സംവിധാനത്തിലേക്ക് സിഗ്നൽ മാറ്റിയപ്പോൾ ലോക്കോ പൈലറ്റുമാർക്ക് നൽകിയത്.
ദക്ഷിണറെയിൽവേ ഒട്ടോമാറ്റിക് സിഗ്നൽ ഏർപ്പെടുത്തിയ റൂട്ടുകളിൽ മൂന്നുദിവസം ലോക്കോ പൈലറ്റുമാർക്ക് പരിശീലനം നൽകിയിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ലോക്കോ പൈലറ്റുമാർക്ക് ബുധനാഴ്ചമുതൽ വീണ്ടും പരിശീലനം നൽകാൻ തുടങ്ങി.
ലോക്കോ പൈലറ്റുമാരുടെ ഒട്ടേറെ ഒഴിവുകൾ നികത്താത്തതിനാലാണ് നോർത്ത് ഫ്രോണ്ടിയർ റെയിൽവേ പരിശീലനം ഒരുദിവസമാക്കി ചുരുക്കിയത്.