ചെന്നൈ : എല്ലാ സർക്കാർ ആശുപത്രികളിലും അമിത ശരീരഭാരം കുറയ്ക്കാനും അമിത രക്തസമർദം, പ്രമേഹം, കരൾരോഗം എന്നിവയ്ക്കുള്ള ചികിത്സയും നൽകുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം. സുബ്രഹ്മണ്യം നിയമസഭയിൽ അറിയിച്ചു.
അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നിലവിൽ ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലും, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജ് ആശുപത്രികളിലും നടത്തുന്നുണ്ട്.
ഇനിയെല്ലാ ജില്ലകളിലുമുള്ള മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങളുണ്ടാകും.
ഇതോടൊപ്പം ആരംഭത്തിൽത്തന്നെ അർബുദം കണ്ടെത്താനുള്ള പരിശോധനാസംവിധാനവും ഏർപ്പെടുത്തും. ഇതിനായി 27 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൃദയ ശസ്ത്രക്രിയയ്ക്കായി 32 കോടി രൂപ ചെലവിൽ സൗകര്യങ്ങൾ വികസിപ്പിക്കും. അരുംബാക്കം അണ്ണാ സർക്കാർ ആശുപത്രിയിലെ ചികിത്സാസൗകര്യം വികസിപ്പിക്കാൻ 18.13 കോടി രൂപ അനുവദിക്കും.
ആദിവാസിമേഖലയിലെ ജനങ്ങൾക്ക് 1.08 കോടി ചെലവിൽ ചികിത്സ നൽകും. കുട്ടികളുടെ ചികിത്സയ്ക്കായി ആദിവാസിമേഖലകളിൽ ആശുപത്രികൾ സ്ഥാപിക്കും.
50 കോടി ചെലവിൽ മെഡിക്കൽ കോളേജുകളിലെ ശസ്ത്രക്രിയാസൗകര്യങ്ങൾ വികസിപ്പിക്കും. ജില്ലകളിൽ 250 കോടി ചെലവിൽ കുട്ടികൾക്കായി ആശുപത്രികൾ സ്ഥാപിക്കും.
സർക്കാർ ആശുപത്രികളിൽ നികത്താതെകിടക്കുന്ന 2,553 ഡോക്ടർമാരുടെ ഒഴിവുകൾ ഉൾപ്പെടെ 3,645 ഒഴിവുകൾ നികത്തുമെന്ന് മന്ത്രി പറഞ്ഞു.